കല്‍പറ്റ: വയനാട് കള്ളാടിയിലെ തുരങ്കപ്പാത നിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചിലില്‍ അകപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മീനാക്ഷി പുഴയ്ക്ക് സമീപം നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. നേരത്തെ മൃതദേഹങ്ങള്‍ കണ്ടെത്തിയിടത്തുനിന്നാണ് ഈ മൃതദേഹവും കണ്ടെത്തിയതെന്നാണ് വിവരം. തുടര്‍ന്ന് മൃതദേഹം വൈത്തിരി ആശുപത്രിയിലേക്ക് മാറ്റി.
|
ദുരന്തസ്ഥലത്തെ നാല് മേഖലകളാക്കി (സോണുകള്‍) തിരിച്ചായിരുന്നു തിരച്ചില്‍. ഇതില്‍ ഒന്നാം സോണില്‍നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് റവന്യൂമന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. അവിടെ കൂടുതല്‍ മൃതദേഹങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് അനുമാനം. അവിടെയും രണ്ടാമത്തെ സോണിലുമാണ് ഇന്ന് തിരച്ചില്‍ പ്രധാനമായും നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാണാതായ ഇതരസംസ്ഥാനക്കാരായ അഞ്ചുപേരില്‍ ആരുടേതാണ് ഇന്ന് കണ്ടെത്തിയ മൃതദേഹമെന്ന് തിരിച്ചറിയേണ്ടതുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ജിഎസ്‌ഐ നല്‍കിയ അപകട മുന്നറിയിപ്പ് അവഗണിച്ചു
വയനാട് തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ അപകട മുന്നറിയിപ്പ് നിര്‍മ്മാണ കമ്പനി അവഗണിച്ചു. നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി നിര്‍മ്മാണ ചുമതലയുള്ള ദിലീപ് ബില്‍ഡ്‌കോണിന് നല്‍കിയത് ജൂണ്‍ 14ന് ജിഎസ്‌ഐ നല്‍കിയ റിപ്പോര്‍ട്ടാണ് അവഗണിച്ചത്.
സുരക്ഷാ ഭിത്തിയുടെ ഇടതുഭാഗത്ത് വിള്ളലുണ്ടായിരുന്നുവെന്ന് GSI റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. റോക്ക് നെയിലിംഗ് വേണ്ട സ്ഥലത്ത് സോയില്‍ നെയിലിംഗ് നടത്തിയതായുള്ള സാങ്കേതിക പിഴവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വെള്ളം വാര്‍ന്നു പോകാനുള്ള മതിയായ ദ്വാരങ്ങള്‍ (വീപ്പ് ഹോള്‍സ്) ഇല്ലാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. മുന്നറിയിപ്പുകള്‍ അവഗണിച്ചത് ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
Wayanad landslide: One more body found





