18
Jul 2026
Sat
18 Jul 2026 Sat

ചണ്ഡീഗഢ്: ഹരിത ഊര്‍ജ്ജ റെയില്‍ ഗതാഗത രംഗത്ത് പുതിയ ചരിത്രമെഴുതി ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ യാത്രാ ട്രെയിന്‍ (hydrogen train) സര്‍വീസ് ആരംഭിച്ചു. ഹരിയാനയിലെ ജിന്ദ് (Jind) റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച (ജൂലൈ 17) നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. അത്യാധുനിക ശുദ്ധ-ഊര്‍ജ്ജ സാങ്കേതികവിദ്യയും ഇന്ത്യന്‍ റെയില്‍വേ ശൃംഖലയിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കും ഒത്തുചേരുന്നതാണ് ഈ പുതിയ സര്‍വീസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്തര റെയില്‍വേയുടെ കീഴിലുള്ള ജിന്ദ്-സോണിപത് (Jind-Sonipat) റൂട്ടിലാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഇതോടെ ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ച ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഇടംപിടിച്ചു. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

ടിക്കറ്റ് നിരക്ക് വെറും 5 രൂപ മുതല്‍!

ട്രെയിന്‍ പുറത്തിറങ്ങിയതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് ഇതിന്റെ കുറഞ്ഞ യാത്രാ നിരക്കാണ്. യാത്ര ചെയ്യുന്ന ദൂരത്തിനനുസരിച്ച് കുറഞ്ഞ ടിക്കറ്റ് നിരക്ക് 5 രൂപയും പരമാവധി നിരക്ക് 25 രൂപയുമായാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ പല പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെയും പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കിനേക്കാള്‍ കുറവാണ് ഈ പ്രാരംഭ നിരക്ക്. ഉദ്ഘാടന സര്‍വീസില്‍ യാത്ര ചെയ്തവരും 5 രൂപ ടിക്കറ്റ് എടുത്താണ് യാത്ര ചെയ്തത്.

റൂട്ടും സ്റ്റേഷനുകളും

ജിന്ദ് ജംഗ്ഷന്‍ മുതല്‍ സോണിപത് വരെയുള്ള ഏകദേശം 90 കിലോമീറ്റര്‍ ദൂരം രണ്ട് മണിക്കൂര്‍ കൊണ്ടാണ് ട്രെയിന്‍ പിന്നിടുന്നത്. മണിക്കൂറില്‍ പരമാവധി 75 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാന്‍ അനുമതിയുള്ള ട്രെയിനിന്റെ ഡിസൈന്‍ വേഗത 110 കിലോമീറ്ററാണ്.

ALSO READ: 40 വര്‍ഷത്തെ പരിശ്രമം; ഒറ്റയാള്‍ പോരാട്ടത്തില്‍ പിറന്നത് ആനകളും കടുവകളും വാഴുന്ന 1300 ഏക്കര്‍ വനം

ജിന്ദ് ജംഗ്ഷന്‍, ജിന്ദ് സിറ്റി, പാണ്ഡു പിണ്ഡാര, ലളിത് ഖേര ഹാള്‍ട്ട്, ഭാംബേവ, ഇസാപൂര്‍ ഖേരി ഹാള്‍ട്ട്, ബുടാന ഹാള്‍ട്ട്, ഖാന്‍ഡ്രായി ഹാള്‍ട്ട്, രബ്‌റ ഹാള്‍ട്ട്, ലാത്ത്, മോഹാന, ബര്‍വാസ്‌നി ഹാള്‍ട്ട്, സോണിപത് എന്നിവയാണ് ഈ റൂട്ടിലെ സ്റ്റേഷനുകള്‍. 10 കോച്ചുകളുള്ള ഈ ട്രെയിനില്‍ ഒരേസമയം 2,600 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുണ്ട്.

എന്താണ് ഹൈഡ്രജന്‍ ട്രെയിനിന്റെ പ്രത്യേകത?

ഡീസലോ ഓവര്‍ഹെഡ് ലൈനുകളില്‍ നിന്നുള്ള വൈദ്യുതിയോ ഉപയോഗിച്ച് ഓടുന്ന സാധാരണ ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ ഉപയോഗിച്ച് ട്രെയിനിനുള്ളില്‍ തന്നെയാണ് ഇതിനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഫ്യുവല്‍ സെല്ലിനുള്ളില്‍ ഹൈഡ്രജനും ഓക്‌സിജനും തമ്മില്‍ രാസപ്രവര്‍ത്തനം നടത്തിയാണ് വൈദ്യുതി നിര്‍മ്മിക്കുന്നത്. ഈ പ്രക്രിയയിലൂടെ ഉപോല്‍പ്പന്നങ്ങളായി ജലബാഷ്പവും (Water Vapour) താപവും മാത്രമാണ് പുറന്തള്ളപ്പെടുന്നത് എന്നതിനാല്‍ ഇത് പരിസ്ഥിതിക്ക് ഒട്ടും ദോഷം വരുത്താത്ത സമ്പൂര്‍ണ്ണ ഹരിത ഗതാഗത സംവിധാനമാണ് (Zero-Emission). ട്രെയിനാവശ്യമായ ഹൈഡ്രജന്‍ ജിന്ദില്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേക പ്ലാന്റില്‍ നിന്നാണ് വിതരണം ചെയ്യുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ ഹൈഡ്രജന്‍ സംഭരണ-റീഫ്യുവലിംഗ് കേന്ദ്രവും ജിന്ദിലാണ് ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിര്‍മ്മിച്ച ഈ പ്ലാന്റില്‍ ഏകദേശം 3,000 കിലോഗ്രാം ഹൈഡ്രജന്‍ സംഭരിക്കാന്‍ ശേഷിയുണ്ട്. ട്രെയിനില്‍ ഹൈഡ്രജന്‍ ചോര്‍ച്ച, പുക, തീപിടുത്തം, അമിതമായി ചൂടാകല്‍ എന്നിവ കണ്ടെത്താനുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത മറ്റ് പദ്ധതികള്‍

ഹൈഡ്രജന്‍ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തതിന് പുറമെ റെയില്‍വേ മേഖലയിലെ മറ്റ് പ്രമുഖ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിക്ക് കീഴില്‍ നവീകരിച്ച ജലന്ധര്‍ കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന്റെ ഉദ്ഘാടനവും രാജ്യത്തുടനീളം നവീകരിച്ച 75 റെയില്‍വേ സ്റ്റേഷനുകളുടെ സമര്‍പ്പണവും അദ്ദേഹം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. കൂടാതെ അമൃത്സറിനെയും വാരണാസിയെയും ബന്ധിപ്പിക്കുന്ന ‘സന്ത് രവിദാസ് എക്‌സ്പ്രസ്സും’ അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്തു.

India’s first hydrogen train service started