ദാണ്ഡേലി: കര്‍ണാടകയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദാണ്ഡേലിയിലെ റിസോര്‍ട്ടില്‍ അഡ്വഞ്ചര്‍ റൈഡിനിടെ ദാരുണ അപകടം. സിപ് ലൈന്‍ (Zipline) റൈഡിനിടെ സുരക്ഷാ സംവിധാനം തകരാറിലായി 40 അടിയോളം ഉയരത്തില്‍ നിന്ന് വിനോദസഞ്ചാരി താഴേക്ക് പതിച്ചു. വിജയാപുര സ്വദേശിയായ കുബേര്‍ സുര്‍പൂരിനാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രങ്ങളിലെ സുരക്ഷയെക്കുറിച്ച് വന്‍ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.
|
ഉയരത്തില്‍ സിപ് ലൈനില്‍ സഞ്ചരിക്കുന്നതിനിടെ ഇതിന്റെ സുരക്ഷാ ലോക്ക് പെട്ടെന്ന് വിട്ടുപോവുകയായിരുന്നുവെന്ന് കുബേറിന്റെ കുടുംബം ആരോപിച്ചു. ഇരു കൈകളുടെയും കാലുകളുടെയും ഒന്നിലധികം അസ്ഥികള്‍ പൊട്ടിയ അദ്ദേഹത്തിന്റെ ഞരമ്പുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. റിസോര്‍ട്ട് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയാണ് അപകടത്തിന് കാരണമെന്നും, റൈഡിനായി ഉപയോഗിച്ച ഉപകരണങ്ങള്‍ തുരുമ്പിച്ചതും കൃത്യമായി പരി പാലിക്കപ്പെടാത്തതുമായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
ആശുപത്രിയില്‍ തീവ്രപരിചരണത്തില്‍
അപകടത്തിന് തൊട്ടുപിന്നാലെ കുബേറിനെ ദാണ്ഡേലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കൂടുതല്‍ ചികിത്സയ്ക്കായി വിജയാപുരയിലെ ആശുപത്രിയിലേക്കും, പിന്നീട് വിദഗ്ദ്ധ ചികിത്സ ആവശ്യമായി വന്നതോടെ മിറാജിലെ (Miraj) ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കൃത്യമായ സുരക്ഷാ പരിശോധനകള്‍ നടത്തിയിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
📍Karnataka | #Watch: A tourist from Vijayapura sustained severe injuries after allegedly falling nearly 40 feet during a zipline ride at a resort in Dandeli after the safety lock reportedly failed mid-ride. pic.twitter.com/AdZJUeur3K
— NDTV (@ndtv) July 20, 2026
സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം
അപകട ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അഡ്വഞ്ചര്‍ സ്പോര്‍ട്‌സ് കേന്ദ്രങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. യന്ത്രങ്ങളുടെയും സുരക്ഷാ ബെല്‍റ്റുകളുടെയും ഗുണനിലവാരം കൃത്യമായി പരിശോധിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനമുണ്ടാകണമെന്ന് ആളുകള്‍ ആവശ്യപ്പെടുന്നു. അപകടകരമായ രീതിയിലാണ് ഇത്തരം റൈഡുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും, ചെറിയ പിഴ ഈടാക്കി റിസോര്‍ട്ടുകള്‍ വീണ്ടും തുറക്കാന്‍ അനുവദിക്കുന്ന ഭരണകൂട നിലപാട് അവസാനിപ്പിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്.
Tourist Falls 40 Feet After Zipline Safety Lock Fails





