29
Jul 2026
Wed
29 Jul 2026 Wed
PUNJAB UNIVERSITY PHD SCHOLAR

ചണ്ഡീഗഡ്: പഞ്ചാബ് സര്‍വകലാശാല ക്യാമ്പസില്‍ വൈദ്യുതാഘാതമേറ്റ് 28 കാരിയായ പി.എച്ച്.ഡി ഗവേഷക വിദ്യാര്‍ത്ഥിനി മരിച്ചു. ഹരിയാനയിലെ രേവാരി സ്വദേശിയും മൈക്രോബയോളജി വിഭാഗം ഗവേഷകയുമായ ജ്യോതിയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ വൈദ്യുതി അറ്റകുറ്റപ്പണികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച ഹോസ്റ്റലില്‍ നിന്ന് ഡിപ്പാര്‍ട്ട്മെന്റിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ സംഭവം. മഴയെ തുടര്‍ന്ന് വഴികളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്ന ജ്യോതിക്ക് സമീപത്തെ ഇലക്ട്രിക് ജംഗ്ഷന്‍ ബോക്‌സില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ കാമ്പസ് അറ്റകുറ്റപ്പണികളുടെയും ഇലക്ട്രിക്കല്‍ സേഫ്റ്റിയുടെയും ചുമതലയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ പ്രൊഫ. റെനു വിഗിന്റെ ഓഫീസിന് മുന്നില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചത്.

ALSO READ: വ്‌ലോഗര്‍ ദില്‍ഷാദിനെ മേഘാലയയില്‍ കണ്ടെത്തി; വനമേഖലയില്‍ അപകടത്തില്‍പ്പെട്ടു

കുടുംബത്തിന് സഹായവും ജോലിയും പ്രഖ്യാപിച്ചു

വിദ്യാര്‍ത്ഥിനിയുടെ കുടുംബവുമായി ചൊവ്വാഴ്ച വൈകിട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സര്‍വകലാശാല അധികൃതര്‍ 16 ലക്ഷം രൂപയുടെ ധനസഹായവും സഹോദരന് ജോലിയും പ്രഖ്യാപിച്ചു. പ്ലസ് ടുവും ഐ.ടി.ഐയും (ഇലക്ട്രിക്കല്‍) പൂര്‍ത്തിയാക്കിയ സഹോദരന് പഞ്ചാബ് സര്‍ക്കാരിന്റെ ചട്ടങ്ങള്‍ പാലിച്ചാണ് സര്‍വകലാശാലയില്‍ ഇലക്ട്രീഷ്യനായി ജോലി നല്‍കുന്നത്.

സീനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പില്‍ (SRF) നിന്നുള്ള വരുമാനം കൊണ്ടാണ് ജ്യോതി തന്റെ കുടുംബത്തെ പോറ്റിയിരുന്നത്. കര്‍ഷകനായ പിതാവ് സ്വകാര്യ സ്‌കൂളില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. മാതാവ് വീട്ടമ്മയാണ്.

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ദാരുണമായ അപകടത്തില്‍ ചണ്ഡീഗഡ് എം.പി മനീഷ് തിവാരി അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക