15
Aug 2026
Fri
15 Aug 2026 Fri
CPM Kerala

കണ്ണൂർ: സിപിഎം നിയന്ത്രണത്തിൽ ആരംഭിച്ച പലിശരഹിത ഇസ്‌ലാമിക ബാങ്കിങ് സംരംഭമായ ‘ഹലാൽ ഫായിദ’ സഹകരണ സൊസൈറ്റിയുടെ പ്രവർത്തനം പൂർണമായും നിലച്ചു. പദ്ധതിയിൽ നിക്ഷേപിച്ച തുക തിരികെ ലഭിച്ചില്ലെന്ന് കാണിച്ച് നിക്ഷേപകരിൽ ഒരാളായ മയ്യിൽ സ്വദേശി കെ.പി. നാസർ പരാതി നൽകിയതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവരം പുറത്തറിയുകയും വാർത്തയാവുകയും ചെയ്തതോടെ പരാതിക്കാരന്റെ ഒരു ലക്ഷം രൂപ സൊസൈറ്റി ഭാരവാഹികൾ തിരികെ നൽകി. തുക ലഭിച്ചതോടെ നിലവിൽ പരാതിയില്ലെന്നും തന്റെ ആവശ്യം പരിഗണിക്കപ്പെട്ടുവെന്നും നാസർ വ്യക്തമാക്കി.

2017 ഡിസംബറിലാണ് പലിശരഹിത ഓഹരി നിക്ഷേപങ്ങൾ സ്വീകരിച്ച് ബാങ്കിങ് രീതിയിൽ പ്രവർത്തിക്കുമെന്ന പ്രഖ്യാപനത്തോടെ സൊസൈറ്റി ഉദ്ഘാടനം ചെയ്തത്. വ്യാപാര-നിർമാണ മേഖലകളിൽ പണം മുടക്കി അതിൽ നിന്നുള്ള ലാഭം നിക്ഷേപകർക്ക് വീതിച്ചു നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ എട്ട് വർഷം കഴിഞ്ഞിട്ടും സ്ഥാപനത്തിന്റെ വരവുചെലവ് കണക്കുകൾ പുറത്തുവിടുകയോ പ്രഖ്യാപിത ലക്ഷ്യം പൂർത്തിയാക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

നിക്ഷേപകർ വഞ്ചിക്കപ്പെട്ട വിഷയം സിപിഎം ജില്ലാ കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും ചർച്ചയായിരുന്നതായി പാർട്ടി നേതാക്കൾ തന്നെ സൂചിപ്പിക്കുന്നു. പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ് ആരോപണത്തിനും വിവിധ ക്രമക്കേടുകൾക്കും പിന്നാലെ കണ്ണൂരിൽ പാർട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കുന്നതാണ് ഈ സംഭവവും.

Tags: Halal Faida, Kannur CPM, Islamic Banking Kerala, Cooperative Society Fraud, Kannur News, Malabar News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക