അബുദാബി: മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന സൈനിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനുമായുള്ള എല്ലാവിധ വ്യാപാര, സാമ്പത്തിക ഇടപാടുകളും നിര്‍ത്തിവെച്ചതായി യുഎഇ പ്രഖ്യാപിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വാണിജ്യ വിനിമയങ്ങളും സാമ്പത്തിക ഇടപാടുകളും പൂര്‍ണ്ണമായി തടയുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ അഫ്ര അല്‍ ഹമേലി അറിയിച്ചു.
|
യുഎഇ നിവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം (Missile Threat Alert) നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഈ നിര്‍ണായക പ്രഖ്യാപനം വന്നത്. സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശിക്കുന്ന അടിയന്തര സന്ദേശം യുഎഇ ആഭ്യന്തര മന്ത്രാലയം ജനങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ നല്‍കിയെങ്കിലും മിനിറ്റുകള്‍ക്കകം ഇത് പിന്‍വലിച്ചു.
മിസൈല്‍ ആക്രമണവും പരസ്പര ആരോപണവും
ഗള്‍ഫ് മേഖലയിലെ കപ്പല്‍ ഗതാഗതത്തിന് നേരെ ഇറാന്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. ഇതില്‍ ഒരു മിസൈല്‍ യുഎഇയുടെ സമുദ്ര അതിര്‍ത്തിക്ക് പുറത്തും രണ്ടാമത്തേത് അതിര്‍ത്തിക്കുള്ളിലെ കടലിലുമാണ് പതിച്ചതെന്ന് വ്യോമസേനയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.
എന്നാല്‍, യുഎഇയുടെ ഈ ആരോപണങ്ങള്‍ ഇറാന്‍ വിദേശകാര്യ മന്ത്രാലയം പൂര്‍ണ്ണമായും തള്ളി. യുഎഇക്ക് നേരെ മിസൈല്‍ ആക്രമണം നടത്തിയിട്ടില്ലെന്നും ഇത്തരം തെറ്റായ ആരോപണങ്ങള്‍ മേഖലയിലെ സുരക്ഷാ ശ്രമങ്ങളെയും പരസ്പര വിശ്വാസത്തെയും ബാധിക്കുമെന്നും ഇറാന്‍ വക്താവ് ഇസ്മായില്‍ ബഖായി പ്രതികരിച്ചു.
അതേസമയം, യുഎസുമായി സമാധാന കരാറിലെത്തുന്നത് വരെ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് (Strait of Hormuz) അടച്ചിടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ആഴ്ചകളായി യുഎഇയുടെ ഔദ്യോഗിക എണ്ണക്കമ്പനിയായ അഡ്‌നോക്കിന്റെ (ADNOC) ടാങ്കറുകള്‍ക്ക് നേരെ ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഫെബ്രുവരി 28-ന് മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ മൂവായിരത്തോളം മിസൈലുകളും ഡ്രോണുകളുമാണ് യുഎഇക്ക് നേരെ എത്തിയത്. ജൂണില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയെങ്കിലും അത് പിന്നീട് തകരുകയായിരുന്നു.
Tags: UAE Iran Tension, Missile Attack UAE, UAE Suspends Iran Trade, Middle East Conflict, Gulf News Malayalam, ADNOC, Strait of Hormuz, Kerala News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




