വെറും 20 രൂപയുടെ കൈക്കൂലി കേസിൽ നീണ്ട 30 വർഷം നടന്ന വിചാരണയ്ക്കൊടുവിൽ രണ്ട് ഗുജറാത്ത് സർക്കാർ ജീവനക്കാരെ സുപ്രിം കോടതി വെറുതെവിട്ടു. കൈക്കൂലി ആവശ്യപ്പെട്ടതായി തെളിയിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ 20 രൂപ കണ്ടെടുത്തു എന്ന കാരണത്താൽ മാത്രം ശിക്ഷിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ച് ക്ലാർക്കിനെയും പ്യൂണിനെയും കുറ്റവിമുക്തരാക്കിക്കൊണ്ട് വ്യക്തമാക്കി.
|
1996-ൽ തുടങ്ങിയ കേസ്
1996 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ബെച്ചാരി ഗ്രാമപഞ്ചായത്ത് ഓഫിസിൽ വരുമാന സർട്ടിഫിക്കറ്റിനായി എത്തിയ വിദ്യാർഥിയോട് ക്ലാർക്ക് 120 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം (ക്ലാർക്കിന് 100 രൂപയും പ്യൂണിന് 20 രൂപയും). തുടർന്ന് വിദ്യാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ട്രാപ്പ് ഒരുക്കുകയും ഫിനോൾഫ്തലീൻ പുരട്ടിയ നോട്ടുമായി വിദ്യാർത്ഥിയെ ഓഫീസിലേക്ക് അയക്കുകയും ചെയ്തു.
സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം വിദ്യാർഥി പ്യൂണിന് 20 രൂപ നൽകി. എസിബി സംഘം പ്യൂണിൽ നിന്ന് ഈ പണം കണ്ടെത്തിയെങ്കിലും ക്ലാർക്കിൽ നിന്ന് ബാക്കി 100 രൂപ കണ്ടെത്താനായില്ല.
വിചാരണയിലെ വൈരുധ്യങ്ങളും കോടതി നിരീക്ഷണവും
കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ വാദങ്ങളിൽ വലിയ വൈരുദ്ധ്യങ്ങളാണ് സുപ്രിം കോടതി കണ്ടെത്തിയത്:
പണം ആവശ്യപ്പെട്ടിട്ടില്ല: ക്രോസ് വിചാരണയിൽ, പ്യൂൺ തന്നോട് നേരിട്ട് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് പരാതിക്കാരനായ വിദ്യാർഥി സമ്മതിച്ചു.
പൂർണ തുക നൽകിയില്ല: 120 രൂപയും കൈമാറാൻ എസിബി നിർദ്ദേശിച്ചിരുന്നെങ്കിലും, തൊട്ടടുത്ത് ക്ലാർക്ക് ഉണ്ടായിരുന്നിട്ടും 20 രൂപ മാത്രം പ്യൂണിന് നൽകിയത് എന്തുകൊണ്ടാണെന്നതിൽ ദുരൂഹതയുണ്ട്.
ഈദ് സമ്മാനം: തൊട്ടടുത്ത ദിവസം ഈദ് ആയിരുന്നതിനാൽ വിദ്യാർഥി സന്തോഷത്തോടെ തനിക്ക് പെരുന്നാൾ സമ്മാനമായി നൽകിയതാണ് 20 രൂപയെന്ന പ്യൂണിന്റെ വാദം കൂടുതൽ യുക്തിസഹമാണെന്ന് കോടതി നിരീക്ഷിച്ചു.
വ്യാജ അനുമതി: ക്ലാർക്കിനെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ അനുമതി നൽകിയത് അധികാരമില്ലാത്ത ഉദ്യോഗസ്ഥനാണെന്നും കോടതി കണ്ടെത്തി.
അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 20 അനുസരിച്ച് കൈക്കൂലി ആവശ്യപ്പെട്ടു എന്ന് തെളിയിക്കാൻ സാധിക്കാത്തപക്ഷം വെറുമൊരു തുക കണ്ടെടുത്തു എന്നതുകൊണ്ട് മാത്രം കേസ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രിം കോടതി വിചാരണക്കോടതിയുടെയും ഗുജറാത്ത് ഹൈക്കോടതിയുടെയും മുൻ ഉത്തരവുകൾ റദ്ദാക്കി പ്രതികളെ കുറ്റവിമുക്തരാക്കുകയായിരുന്നു.
ALSO READ: 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വാര്‍ത്താ വിതരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പിടിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





