20
Aug 2026
Thu
20 Aug 2026 Thu
6 year old boy beaten to death by teacher for not doing home work

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപികടമർദ്ദിച്ച ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രയിലെ വിശാഖപട്ടണം വൺ ടൗൺ പ്രദേശത്തെ ലിറ്റിൽ ഗാർഡൻ സ്വകാര്യ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ പ്രണയ് തേജയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അധ്യാപിക കുട്ടിയെ വടികൊണ്ട് അടിക്കുന്നതും ഭയന്നുവിറച്ച കുട്ടി നിമിഷങ്ങൾക്കകം നിലത്തേക്ക് കുഴഞ്ഞുവീഴുന്നതും വ്യക്തമായി കാണാമെന്ന് രക്ഷിതാക്കൾ പറഞ്ഞു. കുഴ‍ഞ്ഞുവീണ കുട്ടിയെ കിങ് ജോർജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അധ്യാപികയുടെ ക്രൂരമായ മർദ്ദനവും ഭയവുമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു.

സിസിടിവി ദൃശ്യങ്ങൾ പുറത്ത്

“രാവിലെ 8 മണിക്ക് എഴുന്നേറ്റപ്പോൾ തന്നെ മകൻ സ്കൂളിൽ പോകണമെന്ന് വാശിപിടിക്കുകയായിരുന്നു. പരീക്ഷ അടുത്തുവരുന്നതിനാൽ ഞങ്ങൾ അവനെ സ്കൂളിലേക്ക് അയച്ചു. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അവന് യാതൊരു വിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. പൂർണ ആരോഗ്യവാനായിരുന്നുവെന്ന് പ്രണയിന്റെ പിതാവ് കണ്ണീരോടെ പറഞ്ഞു.
ഉച്ചയ്ക്ക് 12 ഓടെയാണ് കുട്ടിക്കെന്തോ സംഭവിച്ചെന്ന വിവരം കുടുംബത്തിന് ലഭിക്കുന്നത്. സ്കൂൾ അധികൃതർ നേരിട്ട് വിളിച്ച് അറിയിച്ചില്ലെന്നും സമീപവാസികളാണ് വിവരം തങ്ങളെ അറിയിച്ചതെന്നും കുടുംബം ആരോപിക്കുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് അരമണിക്കൂർ മുമ്പ് തന്നെ കുട്ടി മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

ശക്തമായ പ്രതിഷേധവുമായി ബന്ധുക്കൾ

സംഭവമറിഞ്ഞ് നൂറുകണക്കിന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടുകയും കുറ്റക്കാരായ അധ്യാപികയ്ക്കും സ്കൂൾ അധികൃതർക്കുമെതിരെ ശക്തമായ നടപടി ആവശ്യപ്പെടുകയും ചെയ്തു.
വിവരമറിഞ്ഞ് റവന്യൂ ഡിവിഷണൽ ഓഫീസർ (RDO) ദിലീപ് ചക്രവർത്തി ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ കൃത്യമായ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

ALSO READ: മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിദാസ് അറസ്റ്റിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക