20
Aug 2026
Thu
20 Aug 2026 Thu
class 10 students killed principal by stabbing her 27 times

ആഡംബര ജീവിതത്തിനു പണം കണ്ടെത്താനായി സ്കൂൾ പ്രിൻസിപ്പലിനെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ രണ്ട് പത്താം ക്ലാസ് വിദ്യാർഥികൾ തെലങ്കാന പോലീസിന്റെ പിടിയിലായി. നൽഗൊണ്ട ജില്ലയിലെ കൊണ്ടമല്ലെപ്പള്ളി നാഗാർജുന പബ്ലിക് സ്കൂൾ പ്രിൻസിപ്പലും ഡയറക്ടറുമായ കല്ലു രൂപ റെഡ്ഡി (48) കൊല്ലപ്പെട്ട കേസ് ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് ചുരുളഴിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഗസ്റ്റ് 12-നാണ് രൂപ റെഡ്ഡിയെ സ്വന്തം വസതിയിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൈദരാബാദിലായിരുന്ന ഭർത്താവ് ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. അയൽവാസികൾ എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടത്.

അന്വേഷണത്തെ തിരിച്ചുവിട്ട ആ ഒരു ‘വാക്ക്’

പോലീസ് അഞ്ച് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും പരിശോധിച്ചു. എൺപതിലധികം പേരെ ചോദ്യം ചെയ്തു. എന്നാൽ, കേസിൽ വഴിത്തിരിവായത് കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പ് രൂപ റെഡ്ഡി തന്റെ അമ്മായിയുമായി നടത്തിയ അവസാന ഫോൺ സംഭാഷണമാണ്. ഫോൺ സ്വിച്ച് ഓഫ് ആകുന്നതിന് തൊട്ടുമുമ്പ് രൂപ ‘ബാബു’ എന്ന് വിളിച്ചതായി പോലീസ് കണ്ടെത്തി.

“സംഭാഷണത്തിനിടെ രൂപ അവസാനമായി പറഞ്ഞത് ‘ബാബു’ എന്നാണ്. ആരോടാണ് അവർ ആ വാക്ക് ഉപയോഗിച്ചിരിക്കുക എന്ന് ഞങ്ങൾ അന്വേഷിച്ചു. ഈ വാക്കാണ് അന്വേഷണം സ്കൂളിലെ വിദ്യാർഥികളിലേക്ക് നയിച്ചത്,” സീനിയർ പോലീസ് ഓഫിസർ ശരത് ചന്ദ്ര പവാർ വ്യക്തമാക്കി.

ആഡംബര പാർട്ടി തന്ന സംശയം

തുടർന്ന് അഞ്ചോളം പത്താം ക്ലാസ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ടുപേർ സംഭവത്തിന് ശേഷം സ്കൂളിൽ വന്നിട്ടില്ലെന്നും ഇവർ അടുത്ത ദിവസങ്ങളിൽ വലിയ തുക ചെലവഴിച്ച് കൂട്ടുകാർക്ക് പാർട്ടികൾ നൽകിയതായും പോലീസ് കണ്ടെത്തി. ബുധനാഴ്ച രാവിലെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

പകയും പണത്തോടുള്ള ആർത്തിയും

മുമ്പ് ഹോസ്റ്റലിൽ വച്ച് ഇവരുടെ ബാഗിൽ നിന്ന് പണവും മൊബൈൽ ഫോണും കണ്ടെത്തിയതിനെ തുടർന്ന് രൂപ റെഡ്ഡി ഇവരെ ശകാരിക്കുകയും മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇവരെ ഹോസ്റ്റലിൽ നിന്ന് മാറ്റി ഡേ-സ്കോളർമാരാക്കി. ഇതിലുള്ള പകയും ലക്ഷ്വറി ജീവിതത്തിനുള്ള പണത്തോടുള്ള ആർത്തിയുമാണ് കൊലപാതകത്തിന് കാരണം.

അഞ്ച് ദിവസത്തോളം എടുത്താണ് കുട്ടികൾ കൊലപാതകം ആസൂത്രണം ചെയ്തത്. പ്രിൻസിപ്പലിന്റെ വീടും പരിസരവും കൃത്യമായി നിരീക്ഷിച്ചു. വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസുകളും കൊലപാതകത്തിനായി കത്തിയും വാങ്ങിയ ശേഷമാണ് ഇരുവരും കൃത്യം നടത്തിയത്.

ALSO READ: ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപിക മർദ്ദിച്ച ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക