22
Aug 2026
Sat
22 Aug 2026 Sat
USCIRF chair Asif Mahmood

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കു നേരെ നിരന്തരം ആക്രമണം നടത്തുന്ന ആര്‍എസ്എസിനെതിരേ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മീഷന്‍(യുഎസ്‌സിഐആര്‍എഫ്).

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ വരാനിരിക്കുന്ന യുഎസ് സന്ദര്‍ശനത്തെ എതിര്‍ത്തുകൊണ്ടാണ് ് കമ്മീഷന്‍ ചെയര്‍മാന്‍ ആസിഫ് മഹ്‌മൂദ് ആര്‍എസ്എസിനെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുഎസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 29-ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന പരിപാടിയിലാണ് മോഹന്‍ ഭഗവത് പങ്കെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ വംശജനായ അമേരിക്കന്‍ പൗരനാണ് ആസിഫ് മഹ്‌മൂദ്.

ആര്‍എസ്എസ് നേതാക്കള്‍ക്ക് നയതന്ത്രപരമായ പരിഗണനകള്‍ നല്‍കരുതെന്നും അവരുടെ ഉപസംഘടനകള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നുണ്ടെന്നുമാണ് യുഎസ് സമിതിയുടെ ആരോപണം. മതസ്വാതന്ത്ര്യം ലംഘിച്ച ആര്‍എസ്എസ് അംഗങ്ങള്‍ക്കെതിരെ ട്രംപ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ALSO READ: പ്രധാനാധ്യാപകന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; ഗര്‍ഭഛിദ്രത്തിനിടെ വിദ്യാര്‍ഥിനി മരിച്ചു

നേരത്തെ മാര്‍ച്ച് മാസത്തില്‍ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലും ഇന്ത്യക്കെതിരെ യുഎസ് സമിതി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യം’ (Country of Particular Concern) ആയി പ്രഖ്യാപിക്കണമെന്നും ആര്‍എസ്എസ്, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (RAW) തുടങ്ങിയ സംഘടനകള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു.

പക്ഷപാതപരമെന്ന് വിദേശകാര്യ മന്ത്രാലയം

രാഷ്ട്രീയ സ്വയംസേവക് സംഘിനെതിരെ (ആര്‍എസ്എസ്) ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മീഷനെ (USCIRF) ശക്തമായി വിമര്‍ശിച്ച് ഇന്ത്യ. യുഎസ് ഏജന്‍സി പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയെക്കുറിച്ച് അടിസ്ഥാനരഹിതവും പ്രകോപനപരവുമായ പരാമര്‍ശങ്ങളാണ് യുഎസ് ബോഡി നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ‘ഇതൊരു പക്ഷപാതപരമായ സംഘടനയാണ്. സ്വന്തമായ അജണ്ടകളോടെ പ്രവര്‍ത്തിക്കുന്ന, വിശ്വസനീയതയില്ലാത്ത ഇത്തരം സംഘടനകളെ തള്ളിക്കളയുകയാണ് വേണ്ടത്. ഇന്ത്യയുടെ ബഹുസ്വരതയോ രാജ്യത്തെ വിവിധ സമുദായങ്ങളുടെ സൗഹാര്‍ദ്ദപരമായ സഹവര്‍ത്തിത്വമോ തിരിച്ചറിയാന്‍ അവര്‍ തയ്യാറാകുമെന്ന് കരുതുന്നില്ല,’ ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ പ്രസിഡന്റ്, സ്റ്റേറ്റ് സെക്രട്ടറി, കോണ്‍ഗ്രസ് (പാര്‍ലമെന്റ്) എന്നിവര്‍ക്ക് നയതന്ത്ര നിര്‍ദേശങ്ങള്‍ നല്‍കുകയും അവയുടെ നിര്‍വ്വഹണം നിരീക്ഷിക്കുകയും ചെയ്യുന്ന, യുഎസ് ഫെഡറല്‍ ഗവണ്‍മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്രവും ഉഭയകക്ഷിപരവുമായ ഏജന്‍സിയാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മീഷന്‍ (USCIRF).

യുഎസ് സമിതിക്കെതിരെ ‘ഹിന്ദു പാക്റ്റ്’

മോഹന്‍ ഭഗവതിന്റെ യുഎസ് സന്ദര്‍ശനത്തിനെതിരെയുള്ള യുഎസ് സമിതിയുടെ നിലപാടിനെ വിമര്‍ശിച്ച് യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഹിന്ദു പാക്റ്റ്’ (HinduPACT) രംഗത്തെത്തി. തങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ചുമതലകളെ യുഎസ് സമിതി ദുരുപയോഗം ചെയ്യുകയാണെന്ന് ഹിന്ദു പാക്റ്റ് ആരോപിച്ചു. തീവ്ര ഹിന്ദുവിരുദ്ധ പ്രചാരണമാണ് യുഎസ് സമിതി അധ്യക്ഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും സംഘടനയുടെ സ്ഥാപകനും അധ്യക്ഷനുമായ അജയ് ഷാ പറഞ്ഞു.

Tags: USCIRF, India US relations, RSS sanctions, Randhir Jaiswal, Mohan Bhagwat US visit, Asif Mahmood, HinduPACT, National news Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക