22
Aug 2026
Sat
22 Aug 2026 Sat

ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി ഇമിഗ്രേഷൻ കൗണ്ടറിൽ ബോർഡിങ് പാസിൽ സ്റ്റാമ്പ് പതിപ്പിക്കേണ്ടതില്ല. സെപ്റ്റംബർ 1 മുതൽ രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും മൊബൈൽ ഫോണിലെ ഇ-ബോർഡിങ് പാസ് ഉപയോഗിച്ച് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബ്യൂറോ ഓഫ് ഇമിഗ്രേഷൻ (BOI) ആണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ഡൽഹി ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലെ ഉദ്യോഗസ്ഥനായ ദീപക് യാദവ് പുറത്തിറക്കിയ ആഭ്യന്തര നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിമാനത്താവള ഓപ്പറേറ്റർമാർ, കേന്ദ്ര വ്യവസായ സുരക്ഷാ സേന (CISF) ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് നിർദേശം കൈമാറിയിട്ടുണ്ട്.

നിലവിൽ അന്താരാഷ്ട്ര യാത്രക്കാർ ഇമിഗ്രേഷൻ കൗണ്ടറിൽ ബോർഡിങ് പാസ് സമർപ്പിക്കുമ്പോൾ അതിൽ സ്റ്റാമ്പ് പതിപ്പിക്കുന്ന രീതിയാണുള്ളത്. സ്റ്റാമ്പിങ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ചില സാഹചര്യങ്ങളിൽ സ്റ്റാമ്പ് ശരിയായ രീതിയിൽ പതിയാത്തതിനാൽ വിവരങ്ങൾ വായിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകുന്നതായും അധികൃതർ കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം.

പേപ്പർ ബോർഡിങ് പാസും ഉപയോഗിക്കാം

സെപ്റ്റംബർ 1ന് ശേഷവും പേപ്പർ ബോർഡിങ് പാസുകൾക്ക് വിലക്കില്ല. എന്നാൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അതിൽ സ്റ്റാമ്പ് പതിപ്പിക്കില്ല. മൊബൈൽ ഫോണിൽ ലഭിക്കുന്ന ഇ-ബോർഡിങ് പാസ് ഹാജരാക്കിയാലും ഇമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കാനാകും.

പുതിയ സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായി വിമാനത്താവള ജീവനക്കാർക്കും ബന്ധപ്പെട്ട ഏജൻസികൾക്കും നടപടിക്രമങ്ങൾ സംബന്ധിച്ച് പരിശീലനം നൽകാനും നിർദേശം നൽകിയിട്ടുണ്ട്.

CISF സ്റ്റാമ്പിങ് നേരത്തെ നിർത്തിയിരുന്നു

വിമാനത്താവള സുരക്ഷാ പരിശോധനയ്ക്കിടെ ബോർഡിങ് പാസിൽ സ്റ്റാമ്പ് പതിപ്പിക്കുന്ന രീതി CISF വർഷങ്ങൾക്ക് മുമ്പുതന്നെ നിർത്തിയിരുന്നു. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാർക്ക് സുരക്ഷാ പരിശോധനയ്ക്കായി ബോർഡിങ് പാസ് പരിശോധിക്കുന്നത് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇമിഗ്രേഷൻ സ്റ്റാമ്പിങ് ഇതിൽനിന്ന് വ്യത്യസ്തമായ നടപടിയായിരുന്നു. ഇതാണ് ഇപ്പോൾ നിർത്തലാക്കുന്നത്.

ഇമിഗ്രേഷൻ സ്റ്റാമ്പിങ്ങും പൂർണമായി ഒഴിവാക്കാൻ നീക്കം

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകളുടെ ഇമിഗ്രേഷൻ എൻട്രി, എക്സിറ്റ് സ്റ്റാമ്പിങ്ങും ഭാവിയിൽ ഒഴിവാക്കാനുള്ള നീക്കത്തിലാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ. ഇതിന്റെ ഭാഗമായി പൈലറ്റ് പദ്ധതി നിലവിൽ പുരോഗമിക്കുകയാണ്. പദ്ധതി വിജയകരമായാൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ ഘട്ടംഘട്ടമായി പുതിയ സംവിധാനം നടപ്പാക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക