തിരുവനന്തപുരം: വെങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ടൈറ്റസ് കുര്യനാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ വെങ്ങാനൂര്‍ അയ്യങ്കാളി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമായിരുന്നു അപകടം.
|
ഏറ്റുമാനൂരിലെ വീട്ടില്‍ നിന്ന് രാത്രിയില്‍ കാറുമായി തിരുവനന്തപുരത്തേക്ക് തിരിച്ചതായിരുന്നു ടൈറ്റസ് കുര്യന്‍. ഇയാള്‍ മുന്‍ സൈനികനാണ്. വീട്ടുകാരുമായി പിണങ്ങിപ്പോയതാണെന്നാണ് വിവരം
വാഹനം വെങ്ങാനൂരില്‍ എത്തിയപ്പോള്‍ പെട്ടെന്ന് കാറിന്റെ മുന്‍വശത്തുനിന്ന് കനത്ത പുക ഉയരുകയും നിമിഷങ്ങള്‍ക്കകം തീ ആളിപ്പടരുകയുമായിരുന്നു. വണ്ടി റോഡരികിലേക്ക് ഒതുക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ പിന്നോട്ട് ഉരുണ്ട് സമീപത്തെ മരച്ചില്ലകളിലേക്കും വാഴത്തോട്ടത്തിലേക്കും ഇടിച്ചുകയറിയത് അപകടത്തിന്റെ ആഘാതം കൂട്ടി.
തന്റെ ഭാര്യയോടൊപ്പം ബൈക്കില്‍ വരികയായിരുന്ന ഒരു യുവാവ് ഈ അപകടത്തിന് സാക്ഷിയായിരുന്നു. റോഡരികിലെ പോസ്റ്റിന് സമീപത്ത് വെച്ച് കാറിന്റെ മുന്‍ഭാഗത്ത് തീപിടിക്കുന്നത് കണ്ട് ഇയാള്‍ ഡ്രൈവറെ വിളിച്ചെങ്കിലും, വണ്ടി പിന്നോട്ട് ഉരുണ്ട് നീങ്ങി ആളിപ്പടരുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വഴിയാത്രക്കാര്‍ക്കും മറ്റും തീ പടര്‍ന്ന സാഹചര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല.
ALSO READ: യുവതി കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്തിയ എസ്എഫ്‌ഐ നേതാവിനെ പുറത്താക്കി പാര്‍ട്ടി
തീ ആളിപ്പടര്‍ന്നതോടെ കാറിന്റെ ഡോറുകള്‍ ലോക്കാവുകയും സീറ്റ് ബെല്‍റ്റ് കുടുങ്ങുകയും ചെയ്തതോടെ ടൈറ്റസ് അകത്ത് തന്നെ കുടുങ്ങുകയായിരുന്നു. കാറിന്റെ അലാറം വലിയ ശബ്ദത്തില്‍ മുഴങ്ങിയതോടെ നാട്ടുകാരും വഴിയാത്രക്കാരും ഓടിയെത്തി. പിന്‍വശത്തെ ഗ്ലാസും ഡോറും തകര്‍ത്ത് ടൈറ്റസിന് രക്ഷക്കാന്‍ ശ്രമിച്ചെങ്കിലും കനത്ത തീ തടസ്സമായി.
വിവരമറിഞ്ഞ് വിഴിഞ്ഞത്തുനിന്നും ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തീയണച്ചപ്പോഴേക്കും വാഹനം പൂര്‍ണ്ണമായും കത്തിയമര്‍ന്നിരുന്നു. ഉള്ളിലുണ്ടായിരുന്ന മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത വിധം കരിഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് കാറിന്റെ നമ്പര്‍ പ്ലേറ്റ് കേന്ദ്രീകരിച്ച് വിഴിഞ്ഞം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ടൈറ്റസ് കുര്യനാണെന്ന് സ്ഥിരീകരിച്ചത്.
എം. വിന്‍സെന്റ് എം.എല്‍.എ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഫോറന്‍സിക് വിദഗ്ദ്ധരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കാറിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ചു.
Tags: Venganoor Car Fire, Trivandrum News Malayalam, Titus Kurian Accident, Kottayam Ettumanoor, Kerala Accident News, Vizhinjam Police
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





