09
Sep 2026
Tue
09 Sep 2026 Tue
Daughter in law kills businessman over CCTV survellience iside home

വീടിനുള്ളിലെ സിസിടിവി നിരീക്ഷണത്തിലും സാമ്പത്തിക നിയന്ത്രണത്തിലും സഹികെട്ട് മരുമകൾ വ്യവസായിയെ ക്വട്ടേഷൻ നൽകി കൊന്നു.ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. 63കാരനായ ഫാർമസ്യൂട്ടിക്കൽ വ്യവസായി വിനീത് മിനോച്ചയെ സ്വന്തം ഫ്ലാറ്റിനുള്ളിൽ 26 തവണ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിനോച്ചയുടെ 36കാരിയായ മരുമകൾ ശാലുവാണ് കൊലപാതകത്തിന് മുൻ ജീവനക്കാരനായ വിശാലിന് ക്വട്ടേഷൻ നൽകിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവത്തിൽ വിശാൽ (30), കൂട്ടാളി രാജ് കിഷോർ എന്നിവരെ ഞായറാഴ്ച രാത്രി പൊലീസ് ഏറ്റുമുട്ടലിന് പിന്നാലെ അറസ്റ്റ് ചെയ്തു.

വിശാലിനെ ചോദ്യം ചെയ്തതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. ശാലുവിന്റെ നിർദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നും പകരം പണം നൽകാമെന്ന് അവർ വാഗ്ദാനം ചെയ്തിരുന്നുവെന്നും വിശാൽ മൊഴി നൽകിയതായി പോലീസ് പറയുന്നു. തുടർന്ന് ശാലുവിനെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനിടെ ആദ്യം അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.

‘ചെറിയ ചെലവുകൾക്കുപോലും പണം ചോദിക്കണം’

വീട്ടിലെ ഓരോ നീക്കവും മിനോച്ച സിസിടിവി ക്യാമറകളിലൂടെ നിരീക്ഷിച്ചിരുന്നുവെന്നും രാത്രി വൈകിയുള്ള പാർട്ടികളിലും വീട്ടിലെത്തുന്നതിലും എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും ശാലു അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.

സമ്പന്നമായ കുടുംബത്തിൽപ്പെട്ടിരുന്നെങ്കിലും തനിക്കും ഭർത്താവിനും ആവശ്യമായ ചെറിയ ചെലവുകൾക്കുപോലും മിനോച്ചയോട് പണം ചോദിക്കേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും ഇതിൽ തനിക്ക് കടുത്ത അമർഷമുണ്ടായിരുന്നുവെന്നും ശാലു പറഞ്ഞതായി അന്വേഷണ സംഘം പറയുന്നു.

ജൂലൈ 28ന് പാർട്ടി കഴിഞ്ഞ് ശാലു വൈകി വീട്ടിലെത്തിയതിനെ തുടർന്ന് മിനോച്ചയുമായി രൂക്ഷമായ തർക്കമുണ്ടായി. ഈ സംഭവത്തിന് ശേഷമാണ് ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

തുടർന്ന് ശാലു മുൻ ജീവനക്കാരനായ വിശാലിനെ സമീപിച്ച് പിതാവിനെ കൊലപ്പെടുത്താൻ 6 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നു പോലീസ് പറയുന്നു. സെപ്റ്റംബർ 6ന് 2 ലക്ഷം രൂപയും 15 ദിവസത്തിന് ശേഷം ബാക്കി 4 ലക്ഷം രൂപയും നൽകാമെന്നായിരുന്നു കരാർ.

ഫ്ലാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ സംഘടിപ്പിച്ച് ശാലു വിശാലിന് കൈമാറിയതായും അന്വേഷണ സംഘം പറയുന്നു. ജന്മാഷ്ടമി ദിനമായ സെപ്റ്റംബർ 4ന് ചില സാധനങ്ങൾ നൽകാനെന്ന പേരിൽ വിശാലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകത്തിന്റെ പദ്ധതി അന്തിമമാക്കിയെന്നും പൊലീസ് ആരോപിക്കുന്നു.

ശനിയാഴ്ച രാത്രി ശാലു ഭർത്താവ് സുബ്രതിനും കുഞ്ഞിനുമൊപ്പം പാർട്ടിക്ക് പോയി. ഇവർ പോയതിന് പിന്നാലെ വിശാലും രാജ് കിഷോറും ഫ്ലാറ്റിലെത്തി. സുരക്ഷാ ജീവനക്കാരനായ മദൻ ഇവരെ തടഞ്ഞെങ്കിലും വിശാൽ ഫോണിലൂടെ ശാലുവുമായി ബന്ധപ്പെടുകയായിരുന്നു. മരുന്നുകൾ എത്തിക്കാനെത്തിയവരാണെന്നും ഇവരെ അകത്തേക്ക് കടത്തിവിടണമെന്നും ശാലു സുരക്ഷാ ജീവനക്കാരനോട് പറഞ്ഞതായാണ് അന്വേഷണ സംഘം പറയുന്നത്.

ആദ്യം മിനോച്ചയെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഹൃദയാഘാതമെന്ന രീതിയിൽ വരുത്തിത്തീർക്കാനായിരുന്നു സംഘത്തിൻറെ പദ്ധതിയെന്നാണ് പോലീസ് പറയുന്നത്. എന്നാൽ മിനോച്ച മകന്റെ കിടപ്പുമുറിയിലെത്തിയതോടെ കാര്യങ്ങൾ മാറി.

മുറിയിൽ ഒളിച്ചിരുന്ന വിശാലും രാജ് കിഷോറും മിനോച്ചയെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 26 തവണ കുത്തേറ്റാണ് മിനോച്ച മരിച്ചത്. തുടർന്ന് ഇരുവരും ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ടു.

രാത്രി മൂന്ന് മണിയോടെ ശാലുവും ഭർത്താവും കുട്ടിയും പാർട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ മിനോച്ചയെ കണ്ടെത്തിയത്. തുടർന്ന് അധികൃതരെ വിവരമറിയിച്ചു.

ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ വിലപിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ കൊലപാതകത്തിന് പിന്നിൽ കവർച്ചയല്ലെന്നും വ്യക്തിപരമായ തർക്കമാകാം കാരണമെന്നും അന്വേഷണ സംഘം തുടക്കത്തിൽ തന്നെ സംശയിച്ചിരുന്നു.

ശാലു നിലവിൽ ജയിലിലാണ്. അതേസമയം മിനോച്ചയുടെ മകനും ശാലുവിന്റെ ഭർത്താവുമായ സുബ്രതിന്റെ ഫോൺ കോൾ വിവരങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. കൊലപാതക ഗൂഢാലോചനയെക്കുറിച്ച് സുബ്രതിന് അറിവുണ്ടായിരുന്നോ, സംഭവത്തിൽ അദ്ദേഹത്തിന് എന്തെങ്കിലും പങ്കുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിലാണ്.

ALSO READ: മോദിയുടെ പരിപാടിക്ക് മുന്നോടിയായി മുംബൈയിൽ സുരക്ഷാ വീഴ്ച; വ്യാജ പിഎംഒ ഐഡിയും തോക്കുമായി യുവാവ് പിടിയിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക