മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്ക് മുന്നോടിയായി മുംബൈയിൽ സുരക്ഷാ വീഴ്ച. വ്യാജ പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) തിരിച്ചറിയൽ കാർഡുമായി എത്തിയ യുവാവിനെയും തോക്കുമായി എത്തിയ ഇയാളുടെ ബോഡിഗാർഡിനെയും മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു.
|
ബാന്ദ്ര–കുർള കോംപ്ലക്സിലെ (BKC) നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ (NMACC) തിങ്കളാഴ്ച രാത്രിയാണ് സംഭവം. മോദി ഇന്ന് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026 ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സുരക്ഷാ പരിശോധനയ്ക്കിടെ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.
24കാരനായ റോഹൻ പരേഖ് താൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടെങ്കിലും പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്നത് വ്യാജ PMO ഐഡിയാണെന്ന് കണ്ടെത്തി. ഇയാളോടൊപ്പമുണ്ടായിരുന്ന ബോഡിഗാർഡിന്റെ കൈവശം തോക്കും കണ്ടെത്തി.
സർക്കാർ ഐഡി കാർഡ് ഉപയോഗിച്ച് ജിയോ വേൾഡ് പ്ലാസയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെന്നാണ് പൊലീസിന്റെ വിശദീകരണം. കണ്ടെത്തിയ തോക്ക് ലൈസൻസുള്ളതാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മോദിയുടെ സന്ദർശനവുമായി നേരിട്ട് ബന്ധമുള്ള സംഭവമല്ല ഇതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. യുവാവും ബോഡിഗാർഡും പരിപാടി വേദിയിൽ തോക്കുമായി എത്തിയതിന്റെ ലക്ഷ്യം കണ്ടെത്താൻ ചോദ്യംചെയ്യൽ തുടരുകയാണ്.
നാലുദിവസം നീളുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ന്റെ ഉദ്ഘാടനത്തിനായാണ് മോദി മുംബൈയിലെത്തുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





