വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ആഹ്വാനം ചെയ്ത രാജ്യവ്യാപക ബാങ്ക് പണിമുടക്ക് സെപ്റ്റംബർ 11ന് നടക്കും. അഞ്ചുദിവസ ബാങ്കിങ് ആഴ്ച നടപ്പാക്കുന്നതിലെ കാലതാമസം, പ്രകടനാധിഷ്ഠിത ഇൻസെന്റീവ് (PLI) പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ, പെൻഷൻ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ എന്നിവയിലാണ് ബാങ്ക് യൂണിയനുകൾ പ്രതിഷേധിക്കുന്നത്. പണിമുടക്ക് നടപ്പായാൽ പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകളുടെ ശാഖാ പ്രവർത്തനങ്ങളെ ഇത് ബാധിച്ചേക്കും.
|
വെള്ളിയാഴ്ചയായ സെപ്റ്റംബർ 11നാണ് ആദ്യഘട്ട ഏകദിന പണിമുടക്ക്. ഇതിന് പിന്നാലെ സെപ്റ്റംബർ 12 രണ്ടാം ശനിയും സെപ്റ്റംബർ 13 ഞായറാഴ്ചയും ബാങ്ക് അവധിയാണ്. ചില സംസ്ഥാനങ്ങളിൽ സെപ്റ്റംബർ 14നും ഗണേശ ചതുർഥി പ്രമാണിച്ച് അവധിയുള്ളതിനാൽ ചില പ്രദേശങ്ങളിൽ ബാങ്ക് ശാഖകളുടെ സാധാരണ പ്രവർത്തനങ്ങൾ തുടർച്ചയായി നാല് ദിവസം വരെ തടസ്സപ്പെടാൻ സാധ്യതയുണ്ട്.
അഞ്ച് ദിവസത്തെ ബാങ്കിങ് ആഴ്ചയാണ് പ്രധാന ആവശ്യം
അഞ്ചുദിവസ ബാങ്കിങ് ആഴ്ച നടപ്പാക്കണമെന്നത് ബാങ്ക് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. 2024 മാർച്ചിൽ ഒപ്പുവച്ച 12-ാം ഉഭയകക്ഷി വേതന കരാർ/9-ാം ജോയിന്റ് നോട്ടിന്റെ ഭാഗമായി ശനിയാഴ്ചകൾ അവധിയാക്കുന്നതിനുള്ള നിർദേശം അംഗീകരിക്കുകയും സർക്കാരിന്റെ പരിഗണനയ്ക്കായി ശുപാർശ ചെയ്യുകയും ചെയ്തിരുന്നു.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്ത് അഞ്ച് ദിവസത്തെ ബാങ്കിങ് ആഴ്ച നടപ്പാക്കണമെന്നായിരുന്നു ധാരണ. എന്നാൽ രണ്ട് വർഷത്തിലേറെ കഴിഞ്ഞിട്ടും ഇതിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് UFBUയുടെ ആരോപണം.
PLI പദ്ധതിയിലും എതിർപ്പ്
പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാർക്കായി നടപ്പാക്കാൻ നിർദേശിച്ച പ്രകടനാധിഷ്ഠിത ഇൻസെന്റീവ് പദ്ധതിയിലും യൂണിയനുകൾക്ക് എതിർപ്പുണ്ട്. പദ്ധതി ജീവനക്കാർക്കിടയിൽ വിവേചനത്തിന് ഇടയാക്കുന്നതാണെന്നാണ് യൂണിയനുകളുടെ ആരോപണം.
അതേസമയം, ബാങ്ക് ജീവനക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള PLI പദ്ധതിയുടെ നടപ്പാക്കൽ തൽക്കാലം മാറ്റിവയ്ക്കാൻ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. വിഷയത്തിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകളിൽ വീണ്ടും പരിഗണിക്കാനാണ് തീരുമാനം.
കൂടുതൽ പണിമുടക്കുകൾ പ്രഖ്യാപിച്ചു
സെപ്റ്റംബർ 11ലെ പണിമുടക്കിന് പുറമെ സെപ്റ്റംബർ 28, 29, 30 തീയതികളിൽ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്കും UFBU പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യങ്ങളിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏത് ബാങ്കിങ് സേവനങ്ങളെ ബാധിക്കും?
പണിമുടക്ക് നടപ്പായാൽ ബാങ്ക് ശാഖകളിലെ നേരിട്ടുള്ള ഉപഭോക്തൃ സേവനങ്ങൾ, പണം നിക്ഷേപിക്കൽ-പിൻവലിക്കൽ, ചെക്ക് ക്ലിയറൻസ്, വായ്പാ നടപടികൾ, കെവൈസി ഉൾപ്പെടെയുള്ള ചില സേവനങ്ങൾ വൈകുകയോ തടസ്സപ്പെടുകയോ ചെയ്യാം. ഡിജിറ്റൽ ബാങ്കിങ്, മൊബൈൽ ബാങ്കിങ്, UPI തുടങ്ങിയ സേവനങ്ങൾ സാധാരണയായി ലഭ്യമാകുമെങ്കിലും ചില ഇടപാടുകളിൽ കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ബാങ്കുകൾ പണിമുടക്ക് മൂലം പ്രവർത്തനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. അടിയന്തരമായി ശാഖയിൽ എത്തി ചെയ്യേണ്ട ബാങ്കിങ് ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കുന്നതാണ് ഉചിതം.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക



