സനാ: യമനിലെ തന്ത്രപ്രധാനമായ ചെങ്കടല്‍ തുറമുഖ നഗരമായ മോഖ പിടിച്ചെടുത്തതിന് പിന്നാലെ തീരപ്രദേശം മുഴുവന്‍ നിയന്ത്രണത്തിലാക്കി ഹൂത്തികള്‍. യമന്‍ സര്‍ക്കാര്‍ സേന നഗരത്തില്‍ നിന്ന് പിന്‍വാങ്ങിയതോടെയാണ് ഇറാന്റെ പിന്തുണയുള്ള ഹൂത്തികള്‍ മോഖയുടെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തത്. ഇതോടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതകളിലൊന്നായ ബാബ് അല്‍ മന്ദാബ് കടലിടുക്ക് ഹൂത്തികളുടെ പൂര്‍ണ നിയന്ത്രണത്തിലായി.
|
സര്‍ക്കാര്‍ സേന അധിക സേനയെ ഇറക്കി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഹൂത്തികളുടെ ശക്തമായ ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ലെന്ന് അല്‍ ജസീറ പ്രതിനിധി യൂസഫ് മൗറി റിപ്പോര്‍ട്ട് ചെയ്തു. മോഖയ്ക്ക് പുറമേ തെക്കന്‍ മേഖലയായ ദുബാബിലേക്കും ഹൂത്തികള്‍ മുന്നേറി. എട്ട് മണിക്കൂര്‍ നീണ്ട പോരാട്ടത്തിന് പിന്നാലെ ചെങ്കടല്‍ തീര മേഖല മുഴുവന്‍ നിയന്ത്രണത്തിലാക്കിയത്.
പ്രധാന വിവരങ്ങൾ (Key Highlights):
• മോഖ ഹൂതികളുടെ കൈകളിൽ: സർക്കാർ സേന പിൻവാങ്ങിയതോടെ തന്ത്രപ്രധാനമായ ചെങ്കടൽ തുറമുഖ നഗരമായ മോഖ ഹൂതി വിമതർ പിടിച്ചെടുത്തു.
• കടലിടുക്കിന് ഭീഷണി: ലോക വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായ ബാബ് അൽ മന്ദാബ് കടലിടുക്കിന് തൊട്ടടുത്താണ് മോഖ നഗരം സ്ഥിതി ചെയ്യുന്നത്.
• അന്താരാഷ്ട്ര ഇടപെടൽ: ബാബ് അൽ മന്ദാബ് മറ്റൊരു ഹോർമൂസ് കടലിടുക്കാകാൻ അനുവദിക്കരുതെന്ന് യമൻ സർക്കാർ ലോകരാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചു.
• യുഎൻ അടിയന്തര യോഗം: യമനിൽ വൻതോതിലുള്ള യുദ്ധത്തിന് സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ അടിയന്തര യോഗത്തിൽ മുന്നറിയിപ്പ് നൽകി.
‘തന്ത്രപരമായ പിന്‍വാങ്ങല്‍’; അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് യമന്‍ സര്‍ക്കാര്‍
ഹൂത്തികളുടെ പെട്ടെന്നുള്ള മുന്നേറ്റത്തെ തുടര്‍ന്ന്, പടിഞ്ഞാറന്‍ തീരത്തുള്ള സര്‍ക്കാര്‍ സേനയോട് സംഘടിക്കാന്‍ യമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ഡെപ്യൂട്ടി തലവന്‍ താരീഖ് സാലിഹ് നിര്‍ദ്ദേശിച്ചു. സേനയെ വീണ്ടും സജ്ജമാക്കുന്നതിനായുള്ള ‘തന്ത്രപരമായ പിന്‍വാങ്ങല്‍’ മാത്രമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
ALSO READ: ഇപ്പോഴുണ്ടായ വൈദ്യുതി പ്രതിസന്ധിക്ക് ആരാണ് കാരണക്കാർ?
അതേസമയം, മോഖ തുറമുഖത്തും ബാബ് അല്‍ മന്ദാബിലും ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ യമന്റെ മാത്രം പ്രശ്നമല്ലെന്നും ആഗോള വ്യാപാരത്തെ ബാധിക്കുന്ന അന്താരാഷ്ട്ര വിഷയമാണെന്നും പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ തലവന്‍ റഷാദ് അല്‍-അലിമി പറഞ്ഞു. ‘ബാബ് അല്‍ മന്ദാബ് മറ്റൊരു ഹോര്‍മൂസ് കടലിടുക്കാകാന് അനുവദിക്കരുത്. വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണം,’ അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് യമന്‍ വിദേശകാര്യ മന്ത്രി അഫ്രഹ് അല്‍-സൂബ കത്തയച്ചു.
അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് വന്‍ ഭീഷണി
ബാബ് അല്‍ മന്ദാബ് കടലിടുക്ക് വെറും 29 കിലോമീറ്റര്‍ മാത്രം വീതിയുള്ളതായതിനാല്, ഡ്രോണുകളോ മിസൈലുകളോ ഇല്ലാതെ സാധാരണ ആര്‍ട്ടിലറി തോക്കുകള്‍ ഉപയോഗിച്ച് തന്നെ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ഇനി ഹൂത്തികള്‍ക്ക് സാധിക്കുമെന്ന് പ്രതിരോധ വിദഗ്ദ്ധന് വുള്‍ഫ്ഗാംഗ് പുസ്തായി ചൂണ്ടിക്കാണിക്കുന്നു. ഇത് സൗദി അറേബ്യയ്ക്കും അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിനും വലിയ തിരിച്ചടിയാണ്.
എന്നാല്‍, ചെങ്കടലിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഭീഷണിയില്ലെന്നും തങ്ങളുടെ പരമാധികാരം സംരക്ഷിക്കാനുള്ള ദേശീയ ദൗത്യമാണ് നടന്നതെന്നും ഹൂത്തി വക്താവ് മുഹമ്മദ് അബ്ദുല്‍ സലാം അവകാശപ്പെട്ടു. എന്നാല്‍ സൗദി അറേബ്യന്‍ കപ്പലുകള്‍ക്കുള്ള നിരോധനം തുടരുമെന്നും ഹൂത്തികള്‍ വ്യക്തമാക്കി.
യുഎന്‍ രക്ഷാസമിതിയില്‍ തര്‍ക്കം; മുന്നറിയിപ്പുമായി രാജ്യങ്ങള്‍
സൗദി അറേബ്യയില്‍ ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ 73 സാധാരണക്കാര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ബ്രിട്ടനും ബഹ്റൈനും മുന്‍കൈയെടുത്ത് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നു. 2022-ലെ വെടിനിര്‍ത്തലിന് ശേഷം യമന്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ യുദ്ധഭീഷണിയാണിതെന്ന് യുഎന്‍ പ്രത്യേക ദൂതന് ഹാന്‍സ് ഗ്രണ്ട്ബര്‍ഗ് മുന്നറിയിപ്പ് നല്കി.
യോഗത്തില്‍ ഹൂത്തികള്‍ക്ക് സാമ്പത്തിക-സൈനിക സഹായം നല്കുന്ന ഇറാനെതിരെ യുഎസ് രംഗത്തുവന്നപ്പോള്‍, സ്ഥിതിഗതികള്‍ വഷളാക്കിയതിന് കാരണം സൗദി നടത്തിയ ആക്രമണമാണെന്ന് റഷ്യ ആരോപിച്ചു. അതിനിടെ, സൗദി അറേബ്യയ്ക്ക് നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ തങ്ങളും തുര്‍ക്കിയും സൗദിയുമായി ചേര്‍ന്ന് ഉണ്ടാക്കിയ ‘മക്ക പ്രതിരോധ സഖ്യം’ പ്രവര്‍ത്തന സജ്ജമാകുമെന്ന് പാകിസ്താന് മുന്നറിയിപ്പ് നല്കി.
Tags: Houthis seize Mocha, Yemen conflict, Bab al-Mandeb strait, Red Sea shipping, Rashad al-Alimi, Saudi Arabia Yemen war, UN Security Council Yemen, Middle East news Malayalam, Iran backed Houthis, World news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




