പാരീസ്: ഹിന്ദു മത പുരോഹിന്മാരുടെ സന്ദര്‍ശനത്തിനു വേണ്ടി വനിതാ ജീവനക്കാരെ ജോലിസ്ഥലത്തുനിന്ന് മാറ്റിനിര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഫ്രാന്‍സിലെ പാരീസിലുള്ള ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഈഫല്‍ ടവര്‍ അടച്ചിട്ട് ജീവനക്കാരുടെ പ്രതിഷേധം. പാരീസ് പ്രാന്തപ്രദേശത്ത് പുതിയ ക്ഷേത്ര ഉദ്ഘാടനത്തിനെത്തിയ ബി.എ.പി.എസ് (BAPS ബോചാസന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ഥ) എന്ന ഹിന്ദു സംഘടനയുടെ പ്രതിനിധികളായ നൂറോളം പേര്‍ കഴിഞ്ഞ ആഴ്ച ഈഫല്‍ ടവറില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയിരുന്നു. ഈ സമയത്താണ് വനിതാ ജീവനക്കാരോട് മാറിനില്‍ക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയതെന്നാണ് ആരോപണം.
|
ലിംഗവിവേചനത്തിന്റെ പേരില്‍ വനിതാ ജീവനക്കാരെ മാറ്റിനിര്‍ത്തുകയും പകരക്കാരെ വയ്ക്കുകയും ചെയ്ത തൊഴില്‍പരമായ നിര്‍ദേശങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ഈഫല്‍ ടവര്‍ ജീവനക്കാരുടെ സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. സംഘം സന്ദര്‍ശനം നടത്തുമ്പോള്‍ തങ്ങളുടെ സാന്നിധ്യം ഒഴിവാക്കണമെന്നും, ചിലര്‍ ജോലിസ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും നിര്‍ദേശിക്കുകയും പകരം പുരുഷന്മാരെ നിയോഗിക്കുകയായിരുന്നു എന്നും ജീവനക്കാര്‍ പറഞ്ഞു.
സ്ത്രീകളുമായുള്ള സമ്പര്‍ക്കം പരിമിതപ്പെടുത്തണമെന്ന് ഹിന്ദു പ്രതിനിധി സംഘം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇത്തരമൊരു ഉപാധി അംഗീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും ഈഫല്‍ ടവറിന്റെ നടത്തിപ്പുകാരായ ‘സെറ്റ്’ (SETE) കമ്പനി സമ്മതിച്ചു. ഇത് കമ്പനിയുടെ മൂല്യങ്ങള്‍ക്കും സ്ത്രീ-പുരുഷ സമത്വത്തിനും നിരക്കാത്തതാണെന്നും സംഭവം അന്വേഷിക്കുമെന്നും സെറ്റ് പ്രസിഡന്റ് ആരിയല്‍ വെയില്‍ വ്യക്തമാക്കി.
എന്നാല്‍, സന്ദര്‍ശനത്തിനിടെ ആരുടെയും പ്രവേശനം തടഞ്ഞിട്ടില്ലെന്നും തങ്ങളുടെ സന്ദര്‍ശനം മൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടോ വിഷമമോ ഉണ്ടായിട്ടുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും ബി.എ.പി.എസ് (BAPS) പ്രസ്താവനയിലൂടെ അറിയിച്ചു. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഫ്രഞ്ച് രാഷ്ട്രീയ നേതാക്കളില്‍ നിന്നും ഉയരുന്നത്.
പ്രതിഷേധവുമായി പാരീസ് മേയര്‍
ഫ്രാന്‍സില്‍ സ്ത്രീകളെ മാറിനില്‍ക്കാന്‍ ആര്‍ക്കും ആവശ്യപ്പെടാനാകില്ലെന്നും സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്തുമെന്നും പാരീസ് മേയര്‍ ഇമ്മാനുവല്‍ ഗ്രെഗോയര്‍ അറിയിച്ചു. ഫ്രാന്‍സില്‍ ഒരു മതത്തിനും നിയമത്തിന് മുകളില്‍ നില്‍ക്കാനാകില്ലെന്ന് സമത്വ വകുപ്പ് മന്ത്രി ഔറോറെ ബെര്‍ഗെയും, സ്ത്രീകളുടെ സ്ഥാനം എന്തായിരിക്കണമെന്ന് നിശ്ചയിക്കാന്‍ ഒരു സംസ്‌കാരത്തിനോ മതത്തിനോ അവകാശമില്ലെന്ന് മുന്‍ പ്രധാനമന്ത്രി ഗബ്രിയേല്‍ അട്ടാലും പ്രതികരിച്ചു. തീവ്ര വലതുപക്ഷ നേതാവ് മരീന്‍ ലെ പെന്നും സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ചു.
Tags: Eiffel Tower, BAPS Swaminarayan Sanstha, Paris News, Eiffel Tower Strike, France Politics, Gender Equality, Foreign News Malayalam, Eiffel Tower Women Controversy
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




