12
Sep 2026
Sat
12 Sep 2026 Sat

അമേരിക്കയിലെ കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ 38കാരി വെടിയേറ്റ് മരിച്ചു. സാക്രമെന്റോയിലെ ആർഡൻ-ആർക്കേഡ് മേഖലയിലെ റെസ്റ്റോറന്റിന് പുറത്ത് ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ശാലിനി ഠാക്കൂർ ആണ് കൊല്ലപ്പെട്ടത്. 22കാരനായ രോഹിത് ആണ് യുവതിയെ കൊന്നത്. കൃത്യശേഷം കടന്നുകളഞ്ഞ ഇയാൾ സ്വയം വെടിവച്ചു ജീവനൊടുക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാനേര ബ്രെഡ് റെസ്റ്റോറന്റിന് പുറത്ത് വച്ച് ശാലിനിയെ പ്രതി പിന്തുടർന്ന് വെടിവയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശാലിനി ഓടിയെങ്കിലും പ്രതി പിന്നാലെ എത്തി നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. നിലത്ത് വീണതിന് ശേഷവും തലയ്ക്ക് സമീപത്തുനിന്ന് വെടിവച്ചതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉച്ചയ്ക്ക് മൂന്ന് മണിയോടെ വെടിയൊച്ച കേട്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് റെസ്റ്റോറന്റിന് സമീപം ഗുരുതരമായി പരിക്കേറ്റ നിലയിൽ ശാലിനിയെ കണ്ടെത്തി. എന്നാൽ സംഭവസ്ഥലത്തുവച്ച് തന്നെ മെഡിക്കൽ സംഘം മരണം സ്ഥിരീകരിച്ചു.

സംഭവത്തിന് പിന്നാലെ കാറിൽ രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്തുടർന്നു. വാഹനത്തിന്റെ അവസാന ലൊക്കേഷൻ കണ്ടെത്തിയ പൊലീസ് വാഹനം ഹൈവേ 50ൽ തടയാൻ ശ്രമിച്ചതോടെ പ്രതി പെട്ടെന്ന് ബ്രേക്ക് ചെയ്ത് നിർത്തി.
ഉദ്യോഗസ്ഥർ ആയുധങ്ങളുമായി വാഹനത്തെ വളഞ്ഞു. തുടർന്ന് ഡ്രൈവർ സൈഡിലെ ചില്ല് തകർത്ത ശേഷം ഡ്രോണിന്റെ സഹായത്തോടെ വാഹനത്തിനുള്ളിൽ പരിശോധന നടത്തി.
വാഹനത്തിനുള്ളിൽ ഡ്രൈവർ സീറ്റിൽ വെടിയേറ്റ് കുഴഞ്ഞുവീണ നിലയിലാണ് രോഹിതിനെ കണ്ടെത്തിയത്.

ശാലിനിയെ രോഹിത് ഒരു വർഷമായി പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നതായി യുവതിയുടെ അമ്മ സുദേഷ് കുമാരി പറഞ്ഞു. രോഹിത് ശാലിനിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും പ്രായവ്യത്യാസം കാരണം ശാലിനി ഇതിന് സമ്മതിച്ചിരുന്നില്ലെന്നാണ് അമ്മ പറയുന്നത്.

“അവൾക്ക് അവനെ ഭയമായിരുന്നു” എന്ന് സുദേഷ് കുമാരി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
2025 സെപ്റ്റംബറോടെയാണ് രാഹുൽ ശാലിനിയെ പിന്തുടരൽ ആരംഭിച്ചതെന്നാണ് കോടതി രേഖകളിൽ പറയുന്നത്. പിന്നീട് ഇയാളുടെ പെരുമാറ്റം കൂടുതൽ ഗുരുതരമായതോടെ ശാലിനി സംരക്ഷണ ഉത്തരവ് (restraining order) നേടിയിരുന്നു.
ശാലിനിയുടെ വീടിന് പുറത്ത് മണിക്കൂറുകളോളം കാത്തുനിൽക്കുക, കാറിന്റെ ടയറുകളിലെ കാറ്റ് കളയുക, വാഹനത്തിനടിയിൽ ആപ്പിൾ എയർടാഗ് സ്ഥാപിച്ച് യാത്രകൾ നിരീക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ഇയാൾ ചെയ്തിരുന്നതായും കോടതി രേഖകളിൽ പറയുന്നു.

ശാലിനി ആരുമായി സൗഹൃദം പുലർത്തണം എന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ രോഹിത് ശ്രമിച്ചിരുന്നതായും ആരോപണമുണ്ട്. ശാലിനിയുടെ ഫ്ലാറ്റിന്റെ താക്കോലിന്റെ പകർപ്പ് ഉണ്ടാക്കി, അവൾ ഉറങ്ങിക്കിടക്കുമ്പോൾ വീട്ടിൽ കയറിയ സംഭവവും രേഖകളിലുണ്ടെന്നാണ് റിപ്പോർട്ട്.
മേയ് 19ന് രോഹിത്തിന് ശാലിനിക്കെതിരായ സംരക്ഷണ ഉത്തരവ് ഔദ്യോഗികമായി കൈമാറിയിരുന്നു. എന്നാൽ പിന്നീട് ഇയാൾ ഉത്തരവ് ലംഘിച്ചതായും റിപ്പോർട്ടുകളുണ്ട്. ജൂലൈ അവസാനത്തിൽ സംരക്ഷണ ഉത്തരവ് നിലവിലിരിക്കെ ശാലിനിയുടെ വീട്ടുപടിക്കൽ പലചരക്ക് സാധനങ്ങൾ എത്തിച്ചുവച്ചതായും കോടതി രേഖകൾ വ്യക്തമാക്കുന്നു.

ഭർത്താവ് രണ്ട് വർഷം മുമ്പ് മരിച്ച സുദേഷ് കുമാരിയുടെ ഏക മകളായിരുന്നു ശാലിനി. വെടിവെപ്പിന് ഏകദേശം ഒരു മണിക്കൂർ മുമ്പ്, ഉച്ചയ്ക്ക് 1.58ന് അമ്മയും മകളും ഫോണിൽ സംസാരിച്ചിരുന്നു.
15 മിനിറ്റിനുള്ളിൽ തിരികെ വിളിക്കാമെന്ന് ശാലിനി അമ്മയോട് പറഞ്ഞെങ്കിലും പിന്നീട് ഫോൺ വിളിച്ചില്ല. തുടർന്ന് മകളെക്കുറിച്ച് ആശങ്കപ്പെട്ട അമ്മ നിരവധി തവണ വിളിക്കുകയും വാട്സ്ആപ്പ് സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തു.
“ദയവായി എന്നെ വിളിക്കൂ”, “എനിക്ക് നിന്നെക്കുറിച്ച് ആശങ്കയുണ്ട്” തുടങ്ങിയ സന്ദേശങ്ങൾ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല.

ഡോർഡാഷ് വഴി ഭക്ഷണവുമായി ബന്ധപ്പെട്ട പിക്കപ്പുകൾ നടത്തുന്നതിനിടെയാണ് ശാലിനിക്ക് രോഹിത്തിനെ പരിചയപ്പെട്ടതെന്നാണ് റിപ്പോർട്ട്. പിന്നീട് ഇയാളുടെ പെരുമാറ്റം അപകടകരമായതോടെ ശാലിനി നിയമപരമായ സംരക്ഷണം തേടുകയായിരുന്നു. എന്നാൽ സംരക്ഷണ ഉത്തരവ് നിലവിലുണ്ടായിരുന്നിട്ടും ആക്രമണം തടയാൻ സാധിക്കാതെ പോയത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

ALSO READ:പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 27 കിലോ കഞ്ചാവ് പിടികൂടി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക