യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ വൻ സംഘർഷം. സംഘർഷത്തിനിടെ ഹോസ്റ്റലിൽ കയറിയ പൊലീസ് ലാത്തിച്ചാർജ് നടത്തി. നിരവധി വിദ്യാർഥികൾക്ക് പരിക്ക്.
|
മന്ത്രി ഒ.ജെ. ജെനീഷും ഷാഫി പറമ്പിൽ എം.പിയും നയിച്ച മാർച്ച് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മെൻസ് ഹോസ്റ്റലിന് മുന്നിലെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. മാർച്ചിന് നേരെ ഹോസ്റ്റലിൽനിന്ന് കല്ലേറുണ്ടായെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. സ്ഥലത്ത് ആവശ്യത്തിന് പൊലീസ് വിന്യാസം ഇല്ലാതിരുന്നതും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കിയെന്നാണ് ആരോപണം.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ ടയർ കത്തിച്ച് പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലിൽനിന്ന് കൂവലും മുദ്രാവാക്യം വിളിയും ഉയർന്നു. തുടർന്ന് ബിയർ കുപ്പികളും കല്ലുകളും ഹോസ്റ്റലിൽനിന്ന് എറിഞ്ഞത് എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇതിന് പിന്നാലെ പ്രവർത്തകർ കത്തുന്ന പന്തങ്ങൾ ഹോസ്റ്റൽ വളപ്പിലേക്ക് എറിഞ്ഞതോടെ സംഘർഷം രൂക്ഷമായി.
എന്നാൽ, പ്രകോപനം സൃഷ്ടിച്ചത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നാണ് ഹോസ്റ്റലിലെ വിദ്യാർഥികളുടെ ആരോപണം. വൈദ്യുതി മുടങ്ങിയ സമയത്ത് ഹോസ്റ്റലിനുള്ളിൽനിന്ന് മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും മാർച്ച് കടന്നുപോകുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അസഭ്യം പറയുകയും ഹോസ്റ്റലിനുള്ളിലേക്ക് ബിയർ കുപ്പികളും തീപ്പന്തങ്ങളും എറിയുകയുമായിരുന്നുവെന്നും വിദ്യാർഥികൾ പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹോസ്റ്റൽ വളപ്പിലേക്ക് എറിഞ്ഞ തീപ്പന്തങ്ങൾ വിദ്യാർഥികൾ ഒരിടത്ത് കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. എന്നാൽ വിദ്യാർഥികൾ റോഡ് തടയുകയും ഫയർഫോഴ്‌സിനെ തടയുകയും ചെയ്തു.
വൈദ്യുതി പുനഃസ്ഥാപിക്കാതെ തീ അണയ്ക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു വിദ്യാർഥികൾ. തുടർന്ന് ഫയർഫോഴ്‌സ് ഹോസ്റ്റലിന് പുറത്തുനിന്ന് വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കാനുള്ള ശ്രമം നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സംഘം സ്ഥലത്തെത്തുകയും ലാത്തി വീശുകയുമായിരുന്നു .
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


