11
Oct 2026
Sun
11 Oct 2026 Sun
fire broke out in Indigo airline after power bank catches fire

യാത്രയ്ക്കിടെ ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ തീപിടിച്ചതിനെത്തുടർന്ന് ഇൻഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തിയ വിമാനത്തിലാണ് ഞായറാഴ്ച സംഭവം. തകരാറിലായ പവർ ബാങ്കിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. വിമാനം സുരക്ഷിതമായി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലഗേജ് കമ്പാർട്ട്മെന്റിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ബാഗുകൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് ക്യാബിൻ ജീവനക്കാർ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കി.

ഒക്ടോബർ 11ന് ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തിയ 6E6115 വിമാനമാണ് വഴിതിരിച്ചുവിട്ടത്. എയർബസ് A321-251N വിഭാഗത്തിൽപ്പെട്ട വിമാനം ഉച്ചയ്ക്ക് 1.30നാണ് ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. ചെന്നൈയിൽ വൈകിട്ട് നാലിന് എത്തേണ്ടതായിരുന്നു.

ഉപഭോക്താവിന്റെ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണത്തിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്നാണ് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടതെന്ന് ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. ക്യാബിൻ ജീവനക്കാർ ഉടൻ ഇടപെട്ടതായും പൈലറ്റുമാർ സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ച് വിമാനം സുരക്ഷിതമായി ഇറക്കിയതായും കമ്പനി വ്യക്തമാക്കി.

സംഭവത്തിൽ യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. യാത്രക്കാരെ ചെന്നൈയിലെത്തിക്കുന്നതിനായി പകരം വിമാനം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്ക് ഭക്ഷണപാനീയങ്ങൾ നൽകുന്നതുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയതായും യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും ഇൻഡിഗോ അറിയിച്ചു.

ALSO READ: സുപ്രീംകോടതി ഉത്തരവ്‌ ലംഘിച്ചു ഡൽഹിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക