ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില് ഡിഎംകെ അധ്യക്ഷനും മുന് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന് കൊളത്തൂര് മണ്ഡലത്തില് പരാജയപ്പെട്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയ സ്പെഷ്യല് ഇന്റന്സീവ് റിവിഷന് (എസ്ഐആര്) അട്ടിമറി മൂലമാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിസികെ അധ്യക്ഷന് തോല് തിരുമാവളവന് എംപി. സ്റ്റാലിനെ പരാജയപ്പെടുത്താന് ആസൂത്രിത നീക്കങ്ങള് നടക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പിന് മുന്പ് താന് നേരിട്ട് മുന്നറിയിപ്പ് നല്കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
|
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ചെന്നൈ എഗ്മോറില് ഇന്ത്യ മുന്നണി സംഘടിപ്പിച്ച സംയുക്ത പ്രതിഷേധ സമരത്തില് സംസാരിക്കവെയാണ് തിരുമാവളവന് ഈ ഗുരുതര ആരോപണങ്ങള് ഉന്നയിച്ചത്. കൊളത്തൂര് മണ്ഡലത്തില് ടിവികെ സ്ഥാനാര്ത്ഥി വി.എസ്. ബാബുവിനോട് 8,795 വോട്ടുകള്ക്കാണ് സ്റ്റാലിന് പരാജയപ്പെട്ടത്.
മുന്നറിയിപ്പ് നല്കിയിരുന്നുവെന്ന് തിരുമാവളവന്
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടായ സംഭവങ്ങള് വിശദീകരിച്ചുകൊണ്ടാണ് തിരുമാവളവന് രംഗത്തെത്തിയത്. സ്റ്റാലിനെ തോല്പ്പിക്കാന് കൊളത്തൂരില് ചില ഗൂഢനീക്കങ്ങള് നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി ഒരാള് തെരഞ്ഞെടുപ്പിന് മുന്പ് തന്നെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘ഞാന് ആ വ്യക്തിയെ അന്നത്തെ മന്ത്രി പി.കെ. ശേഖര്ബാബുവുമായി സംസാരിപ്പിച്ചു. തുടര്ന്ന് ഞാന് നേരിട്ട് സ്റ്റാലിന്റെ അടുത്തെത്തി, ‘അണ്ണാ, കൊളത്തൂരില് എന്തോ പ്രശ്നമുണ്ട്, അങ്ങ് മറ്റേതെങ്കിലും മണ്ഡലത്തില് നിന്ന് മത്സരിക്കുന്നതല്ലേ നല്ലത്?’ എന്ന് ചോദിച്ചു.’
എന്നാല്, എസ്ഐആര് പ്രക്രിയകള് കൃത്യമായാണ് നടക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമായിരുന്നു ശേഖര്ബാബു അന്ന് സ്റ്റാലിന് നല്കിയ ഉറപ്പ്. ആരെയും കുറ്റപ്പെടുത്താനല്ല, മറിച്ച് വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനാണ് ഇപ്പോള് ഇക്കാര്യം തുറന്നുപറയുന്നതെന്നും തിരുമാവളവന് വ്യക്തമാക്കി.
ലക്ഷ്യമിട്ടത് പ്രതിപക്ഷ നേതാക്കളെ; ഒരു ലക്ഷത്തോളം വോട്ടുകള് വെട്ടി
കൊളത്തൂര് മണ്ഡലത്തില് മാത്രം ഏകദേശം ഒരു ലക്ഷത്തോളം വോട്ടര്മാരെയാണ് പട്ടികയില് നിന്ന് ഒഴിവാക്കിയതെന്ന് തിരുമാവളവന് ചൂണ്ടിക്കാട്ടി. എന്നാല് മണ്ഡലത്തില് മരണപ്പെട്ട യഥാര്ത്ഥ വോട്ടര്മാരുടെ എണ്ണം 20,000 മാത്രമായിരുന്നു. തമിഴ്നാട്ടിലൊട്ടാകെ 97 ലക്ഷത്തോളം വോട്ടര്മാരുടെ പേരുകള് ഇത്തരത്തില് നീക്കം ചെയ്ത് ജനാധിപത്യം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം തന്നെ അവര് സ്വയം തോറ്റതല്ലെന്നും ആസൂത്രിതമായ അട്ടിമറിയിലൂടെ തോല്പ്പിക്കുകയായിരുന്നുവെന്നും താന് ചൂണ്ടിക്കാട്ടിയിരുന്നതായി അദ്ദേഹം ഓര്മ്മിപ്പിച്ചു. സ്റ്റാലിന്, മമത ബാനര്ജി, അരവിന്ദ് കെജ്രിവാള്, പിണറായി വിജയന് തുടങ്ങിയ പ്രതിപക്ഷ നേതാക്കളെയാണ് ഈ വോട്ട് വെട്ടിനിരത്തലിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന് ലക്ഷ്യമിട്ടതെന്നും തിരുമാവളവന് കൂട്ടിച്ചേര്ത്തു.
പ്രതിപക്ഷ പാര്ട്ടികളുടെ ശക്തമായ പ്രതിഷേധം
ഇന്ത്യ മുന്നണിയില് പുതുതായി ചേര്ന്ന തമിഴ്നാട് രാഷ്ട്രീയത്തിലെ നിര്ണ്ണായക ശക്തിയായ ടിവികെയും സംയുക്ത പ്രക്ഷോഭത്തില് അണിനിരന്നു. ബിഹാറില് എസ്ഐആര് നടപ്പിലാക്കിയപ്പോള് മുതല് ടിവികെ ഇതിനെ എതിര്ക്കുന്നുണ്ടെന്ന് പാര്ട്ടി നേതാക്കള് വ്യക്തമാക്കി. സംസ്ഥാനത്ത് 97 ലക്ഷം വോട്ടര്മാരെ ഒഴിവാക്കിയതിനെതിരെ പാര്ട്ടി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും വോട്ടവകാശം പൗരന്റെ മൗലികാവകാശമാണെന്നും മന്ത്രി എ. രാജ്മോഹന് പറഞ്ഞു.
രാജ്യത്തുടനീളം 13.43 കോടി വോട്ടര്മാരെയാണ് ഒഴിവാക്കിയതെന്ന് എംഡിഎംകെ ജനറല് സെക്രട്ടറി വൈക്കോ ആരോപിച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് രാജിവെക്കും വരെ സമരം തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖവും, ഭരണഘടനാ മൂല്യങ്ങളും ഫെഡറല് തത്വങ്ങളും സംരക്ഷിക്കാന് പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യനും വ്യക്തമാക്കി.
Tags: Thol Thirumavalavan MK Stalin Kolathur, Tamil Nadu Election SIR Voter Scam, Chief Election Commissioner Gyanesh Kumar, DMK TVK Alliance protests, National News Malayalam, Political News Malayalam
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





