തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായ പ്രമുഖ പാചകവിദഗ്ധനും പത്മശ്രീ ജേതാവുമായ ഷെഫ് ദാമോദരൻ അന്തരിച്ചു. 72 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഷെഫ് ദാമു എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം തമിഴ് ടെലിവിഷൻ പരിപാടിയായ’കുക്ക് വിത്ത് കോമാളി’യിലെ വിധികർത്താവെന്ന നിലയിലാണ് ഏറെ ശ്രദ്ധ നേടിയത്.
|
റെസ്റ്ററന്റുകളിൽ പാത്രം കഴുകുന്ന ജോലിയിൽനിന്ന് കരിയർ ആരംഭിച്ച ദാമു, കഠിനാധ്വാനത്തിലൂടെ രാജ്യത്തെ പ്രമുഖ പാചകവിദഗ്ധരിൽ ഒരാളായി വളരുകയായിരുന്നു. പാചകരംഗത്തെ മികവിനൊപ്പം ഹോട്ടൽ മാനേജ്മെന്റിലെ അറിവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. ഗിന്നസ് വേൾഡ് റെക്കോർഡും രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മശ്രീയും അദ്ദേഹത്തെ തേടിയെത്തി.
കുക്ക് വിത്ത് കോമാളി സീസൺ ഏഴിന്റെ സെമിഫൈനലിൽ ദാമുവിന്റെ അഭാവം ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കാലിൽ കുത്തിവയ്പ്പ് എടുത്തതിനാൽ പരിപാടിയുടെ അവസാനഘട്ടങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് പിന്നീട് വിഡിയോയിലൂടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. താൻ സുഖമായിരിക്കുന്നതായും അന്ന് ആരാധകരെ അറിയിച്ചിരുന്നു.
ഇടുപ്പെല്ലിനേറ്റ പൊട്ടലിനും കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്കും ശേഷം കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം വീൽചെയർ ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ദാമുവിന്റെ വിയോഗം തമിഴ് ടെലിവിഷൻ രംഗത്തിനും പാചകലോകത്തിനും വലിയ നഷ്ടമാണ്. പാചകമികവും ശ്രദ്ധേയമായ നേട്ടങ്ങളും ടെലിവിഷൻ പ്രേക്ഷകരുമായി അദ്ദേഹം പങ്കുവെച്ച സൗഹൃദപൂർണമായ സാന്നിധ്യവും എന്നും ഓർമിക്കപ്പെടും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





