01
Nov 2026
Sun
01 Nov 2026 Sun

ശൈത്യകാലത്ത് വായുമലിനീകരണം രൂക്ഷമാകുന്നത് തടയാൻ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നു. നവംബർ ഒന്ന് മുതൽ ജനുവരി 31 വരെ നടപ്പാക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമായി പഴയ വാഹനങ്ങൾക്ക് ഡൽഹിയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ പകുതി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർബന്ധമാക്കി. നിർദേശങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്ക് ഇ-ചലാൻ നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡൽഹി സർക്കാരിന്റെ ഉത്തരവ് പ്രകാരം ഭാരത് സ്റ്റേജ് ആറ് (BS-VI) മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാത്ത ഡൽഹിക്ക് പുറത്തു രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ദേശീയ തലസ്ഥാനത്തേക്ക് പ്രവേശിക്കാനോ സർവീസ് നടത്താനോ അനുവാദമുണ്ടാകില്ല. നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ് തുടങ്ങിയ സമീപ പ്രദേശങ്ങളിൽ നിന്നുള്ള ഏകദേശം പത്തുലക്ഷത്തോളം പഴയ പെട്രോൾ, ഡീസൽ വാഹനങ്ങളെ നിയന്ത്രണം ബാധിക്കുമെന്നാണ് കണക്ക്. ഇലക്ട്രിക് വാഹനങ്ങൾ, സിഎൻജി വാഹനങ്ങൾ, ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയ അടിയന്തര സേവന വാഹനങ്ങളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിർമാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണം

പൊടി ഉയരാൻ ഇടയാക്കുന്ന കെട്ടിടം പൊളിക്കൽ, പുറത്തുള്ള സിവിൽ നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ജനുവരി 31 വരെ വിലക്കുണ്ട്. നിർദിഷ്ട നിബന്ധനകൾ പാലിക്കുന്ന ചില അവശ്യ പൊതുഅടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ഇളവുണ്ടാകും. പൊടി നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചുള്ള കെട്ടിടങ്ങളുടെ അകത്തള ഫിനിഷിങ്, പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികൾ എന്നിവയ്ക്കും തടസ്സമുണ്ടാകില്ല.

പകുതി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

സർക്കാർ, സ്വകാര്യ ഓഫീസുകളിൽ ആകെ ജീവനക്കാരിൽ 50 ശതമാനം പേർ മാത്രമേ നേരിട്ട് ജോലിക്കെത്താവൂ. ബാക്കിയുള്ളവർ വീട്ടിലിരുന്ന് ജോലി ചെയ്യണം. അവശ്യ സേവനങ്ങളെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങളുടെ എണ്ണം കുറച്ച് ഗതാഗതക്കുരുക്കും മലിനീകരണവും നിയന്ത്രിക്കുകയാണ് ലക്ഷ്യം.

ഓഫീസ് സമയങ്ങളിലും മാറ്റം; പാർക്കിങ് നിരക്ക് ഇരട്ടിയാകും

ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനസമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഓഫീസുകൾ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെയും ഡൽഹി സർക്കാർ ഓഫീസുകൾ രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെയുമായിരിക്കും പ്രവർത്തിക്കുക.

പൊതുപാർക്കിങ് കേന്ദ്രങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള നിരക്ക് പല സ്ഥലങ്ങളിലും ഇരട്ടിയാക്കും. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയാണ് ലക്ഷ്യം. എന്നാൽ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ നേരിട്ട് നിയന്ത്രിക്കുന്ന പാർക്കിങ് കേന്ദ്രങ്ങളെ നിരക്ക് വർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പിയുസി സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല

നവംബർ ഒന്ന് മുതൽ ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ ‘നോ പിയുസി, നോ ഫ്യൂവൽ’ നയവും നടപ്പാക്കി. സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (PUC) ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ, ഡീസൽ, സിഎൻജി എന്നിവ നൽകില്ല.

ഇതിനായി ഡൽഹിയിലെ 500 പെട്രോൾ പമ്പുകളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് പരിശോധിച്ച് പിയുസി സർട്ടിഫിക്കറ്റിന്റെ സാധുത ഉറപ്പാക്കും. സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞതോ അസാധുവായതോ ആണെങ്കിൽ ഇന്ധനം നൽകില്ല.

എഐ സംവിധാനത്തിലൂടെ നിരീക്ഷണം

നിയന്ത്രണങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക എൻഫോഴ്സ്മെന്റ് സംഘങ്ങളെയും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ ക്യാമറകളെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനെയും ഉപയോഗിക്കും. നിയമലംഘനം കണ്ടെത്തുന്ന വാഹനങ്ങൾക്കെതിരെ ഇ-ചലാൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.

നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത ഡൽഹി നിവാസികളോട് അഭ്യർഥിച്ചു. സമീപ നഗരങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നവർ വാഹനങ്ങളുടെ മലിനീകരണ നിലവാരവും പിയുസി സർട്ടിഫിക്കറ്റിന്റെ സാധുതയും മുൻകൂട്ടി പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

ALSO READ:ഡൽഹിയിൽ ഇന്ന് ഇന്ത്യാ സഖ്യത്തിന്റെ പടുകൂറ്റൻ റാലി; സമാന്തരമായി ബിജെപിയുടെ അനുസ്മരണ മാർച്ച്‌; 10,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക