ഷാർജ: നടന്നുനീങ്ങുന്ന മരവും വെർച്വൽ ലോകത്തെ സിൻഡ്രെല്ലയും മതിലുകൾ കീഴടക്കുന്ന അക്രോബാറ്റിക് കലാകാരന്മാരും. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെത്തുന്ന സന്ദർശകരെ വരവേൽക്കുന്നത് കൗതുകവും വിസ്മയവും നിറയ്ക്കുന്ന വേറിട്ട കാഴ്ചകളാണ്.
|
പുസ്തകങ്ങളിലെ കഥകളെ പരമ്പരാഗത വേദികൾക്കപ്പുറത്തേക്ക് എത്തിച്ച് മേളയുടെ പൊതുഇടങ്ങളിൽ നേരിട്ടുള്ള കലാനുഭവങ്ങളാക്കി മാറ്റുകയാണ് ഇത്തവണത്തെ വിനോദപരിപാടികൾ. സഞ്ചരിക്കുന്ന കഥാപാത്രങ്ങൾ, നാടകീയമായ അവതരണങ്ങൾ, സാഹസിക പ്രകടനങ്ങൾ എന്നിവയിലൂടെ സന്ദർശകർക്ക് അപ്രതീക്ഷിത അനുഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അമേരിക്കൻ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയ ‘വുഡി വുഡ്മാൻ’ എന്ന കഥാപാത്രമാണ് ശ്രദ്ധേയമായ ആകർഷണങ്ങളിലൊന്ന്. എക്സ്പോ സെന്ററിലെ ഹാളുകളിലും ലോബിയിലും സഞ്ചരിക്കുന്ന ഈ കഥാപാത്രം സംഗീതത്തിന്റെ അകമ്പടിയോടെ സന്ദർശകരുമായി നിശ്ശബ്ദമായ നാടകീയ ആശയവിനിമയം നടത്തുന്നു. ഒരു കൈയിൽ കോടാലിയും മറുകൈയിൽ റോസാപ്പൂക്കളുമായെത്തുന്ന ജീവനുള്ള മരത്തിന്റെ രൂപം ജീവനെ പരിപാലിക്കുന്നതും നശിപ്പിക്കുന്നതും തമ്മിലുള്ള വൈരുധ്യത്തെ രസകരമായ രീതിയിൽ അവതരിപ്പിക്കുന്നു.
ഇത്തവണ അവതരിപ്പിക്കുന്ന സഞ്ചരിക്കുന്ന കലാനുഭവങ്ങളിൽ ഒന്നുമാത്രമാണ് വുഡി. പുസ്തകത്തിലെ കഥാപാത്രം യഥാർഥ ലോകത്തേക്ക് ഇറങ്ങിവരുന്ന അവതരണം, മാറിക്കൊണ്ടിരിക്കുന്ന വെർച്വൽ പശ്ചാത്തലത്തിലെ സിൻഡ്രെല്ല, മിസ്റ്റർ മഫിൻ, മാഡം ചെറി തുടങ്ങിയ കഥാപാത്രങ്ങളും സന്ദർശകർക്ക് മുന്നിലെത്തുന്നു.
‘മെയ്ഡ് ഓഫ് സ്റ്റോറീസ്’ എന്ന ഈ വർഷത്തെ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് കലാപരിപാടികൾ ഒരുക്കിയിരിക്കുന്നത്. ചലനങ്ങൾ, ദൃശ്യഭാവനകൾ, അപ്രതീക്ഷിത കൂടിക്കാഴ്ചകൾ എന്നിവയിലൂടെ കഥകൾ അവതരിപ്പിക്കുകയാണ് കലാകാരന്മാർ. പുസ്തകമേളയിൽ അടുത്ത കഥ ചിലപ്പോൾ പുസ്തകഷെൽഫിൽ കാത്തിരിക്കുകയല്ല, മറിച്ച് സന്ദർശകർക്കരികിലേക്ക് നടന്നുവരികയായിരിക്കും.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





