കുറ്റകൃത്യ കഥകളുടെ ജനപ്രീതി കൊലയാളി ആരെന്നു കണ്ടെത്താനുള്ള ആകാംക്ഷയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും നീതി, മനുഷ്യസ്വഭാവം, ധാർമികമായ തീരുമാനങ്ങൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണവും അതിന്റെ ഭാഗമാണെന്നും എഴുത്തുകാർ. ഷാർജ അന്താരാഷ്ട്ര പുസ്തകമേള 2026-ൽ നടന്ന ചർച്ചയിലാണ് ഈ അഭിപ്രായം ഉയർന്നത്.
|
ഈജിപ്ഷ്യൻ നോവലിസ്റ്റ് നോഹ ദാവൂദും ബ്രിട്ടീഷ് എഴുത്തുകാരി ക്ലെയർ മക്കിന്റോഷുമാണ് കുറ്റാന്വേഷണ സാഹിത്യത്തിന്റെ ആഗോള ജനപ്രീതിയെക്കുറിച്ച് സംസാരിച്ചത്. ‘വൈ ഡസ് ദ ഹോൾ വേൾഡ് റീഡ് ക്രൈം?’ എന്ന പേരിൽ നടന്ന ചർച്ചയിൽ കഥാപാത്രങ്ങളുടെ സ്വാധീനം, അപ്രതീക്ഷിത വഴിത്തിരിവുകൾ, നീതിക്കായുള്ള അന്വേഷണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.
കുറ്റാന്വേഷണ നോവലുകൾ വായനക്കാർക്ക് യഥാർഥ ജീവിതത്തിൽ പലപ്പോഴും ലഭിക്കാത്ത ഒരു ഉറപ്പുള്ള അവസാനമാണ് നൽകുന്നതെന്ന് നോഹ ദാവൂദ് പറഞ്ഞു. കുറ്റവാളി ആരെന്ന് കണ്ടെത്തുകയും നീതി നടപ്പാകുകയും ചെയ്യുന്നതിലൂടെ വായനക്കാർക്ക് സംതൃപ്തി ലഭിക്കുന്നു. കൂടാതെ, ദുരൂഹതകൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമം വായനക്കാരെ ചിന്തിപ്പിക്കുകയും മനുഷ്യരുടെ തീരുമാനങ്ങൾക്ക് പിന്നിലെ കാരണങ്ങൾ മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്നും അവർ വ്യക്തമാക്കി.
നല്ല മനുഷ്യർ പോലും തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതും മോശം വ്യക്തികൾ ചിലപ്പോൾ നല്ല കാര്യങ്ങൾ ചെയ്യുന്നതുമാണ് തന്റെ രചനകളിലെ പ്രധാന ആകർഷണമെന്ന് ക്ലെയർ മക്കിന്റോഷ് പറഞ്ഞു. കഥ എത്ര ആവേശകരമാണെങ്കിലും വായനക്കാരന് കഥാപാത്രങ്ങളോട് താൽപര്യം തോന്നിയില്ലെങ്കിൽ പുസ്തകം മുന്നോട്ടു വായിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരനുമായി ഒളിച്ചുകളി
എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബുദ്ധിപരമായ മത്സരമാണ് കുറ്റാന്വേഷണ സാഹിത്യത്തിന്റെ മറ്റൊരു പ്രത്യേകത. കഥയിലെ സൂചനകൾ നൽകുമ്പോഴും വായനക്കാരന്റെ നിഗമനങ്ങളെ അപ്രതീക്ഷിതമായി തിരുത്തുന്നതാണ് തന്റെ രചനാരീതിയെന്ന് മക്കിന്റോഷ് പറഞ്ഞു. വായനക്കാരനെ തെറ്റിദ്ധരിപ്പിക്കുകയല്ല, മറിച്ച് സ്വന്തം നിഗമനങ്ങളിലൂടെ അവരെ അത്ഭുതപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അവർ വിശദീകരിച്ചു.
എല്ലാ കുറ്റകൃത്യങ്ങൾക്കും വിധിയോടെ അവസാനിക്കുന്ന കഥകൾ ഉണ്ടാകണമെന്നില്ലെന്നും ദാവൂദ് അഭിപ്രായപ്പെട്ടു. കുറ്റകൃത്യങ്ങളുടെ പ്രത്യാഘാതങ്ങൾ വിധി പ്രഖ്യാപനത്തോടെ അവസാനിക്കുന്നില്ലെന്ന് 12 വർഷത്തെ പൊലീസ് സേവനപരിചയമുള്ള മക്കിന്റോഷും ചൂണ്ടിക്കാട്ടി. ഇരകളുടെയും കുറ്റവാളികളുടെയും കുടുംബങ്ങളുടെയും ജീവിതത്തിൽ അതിന്റെ പ്രത്യാഘാതങ്ങൾ തുടരുമെന്നും അവർ പറഞ്ഞു.
നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്ന 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ച ത്രില്ലർ ഫെസ്റ്റിവലിലാണ് ചർച്ച നടന്നത്. 126 രാജ്യങ്ങളിൽ നിന്നായി 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്ന മേളയിൽ 17 ലക്ഷത്തിലേറെ പുസ്തകങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





