10
Nov 2026
Tue
10 Nov 2026 Tue
Stories that shine as children turn their words into lanterns at SIBF 2026

വാക്കുകളെ വെളിച്ചം പകരുന്ന കലാസൃഷ്ടികളാക്കി മാറ്റി 23 കുട്ടികൾ. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ ആർട്സ് ആൻഡ് എക്സ്പ്രഷൻ ഡിസ്ട്രിക്ടിൽ സംഘടിപ്പിച്ച ‘ടേൺ എ സ്റ്റോറി ഇൻടു എ ലാംപ്’ ശിൽപ്പശാലയിലാണ് കുട്ടികൾ കഥകൾ എഴുതിയും അലങ്കരിച്ചും മനോഹരമായ വിളക്കുകൾ നിർമിച്ചത്. സാറ മിസ്ഹറിന്റെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ കടലാസുകളും ചെറിയ മരക്കഷണങ്ങളും ഉപയോഗിച്ചാണ് ബോക്സ് രൂപത്തിലുള്ള വിളക്കുകൾ തയ്യാറാക്കിയത്. കടലാസുകളിൽ കഥകളും ആശയങ്ങളും എഴുതിയശേഷം അവ കൂട്ടിച്ചേർത്ത് നിർമിച്ച വിളക്കുകൾക്കുള്ളിൽ ചെറിയ വെളിച്ചവും ക്രമീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഥപറച്ചിലും കരകൗശല നിർമാണവും പരസ്പരം ബന്ധപ്പെട്ട രണ്ട് സർഗാത്മക പ്രവർത്തനങ്ങളാണെന്ന് ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകിയ സാറ മിസ്ഹർ പറഞ്ഞു. വാക്കുകളിലൂടെ കഥ രൂപപ്പെടുത്തുന്നതുപോലെ കലാസൃഷ്ടികളും ഒരു കഥ പറയുന്നുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളിൽ വായനാശീലവും എഴുത്തിനോടുള്ള താൽപര്യവും കലാബോധവും വളർത്തുമെന്നും അവർ വ്യക്തമാക്കി.

സ്കൂൾ പഠനത്തിന് ഇത്തരം ശിൽപ്പശാലകൾ മികച്ച അനുബന്ധ അനുഭവമാണെന്ന് സ്കൂൾ സൂപ്പർവൈസർ അമാനി ഷൗക്കത്തും പറഞ്ഞു. കുട്ടികളുടെ ജിജ്ഞാസയും സർഗാത്മകതയും വളർത്താൻ പുസ്തകമേളയിലെ പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന പുസ്തകമേള നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്നു. 126 രാജ്യങ്ങളിൽ നിന്നായി 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്ന മേളയിൽ 17 ലക്ഷത്തിലേറെ പുസ്തകങ്ങളും 1,500 സാംസ്കാരിക, സർഗാത്മക, കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക