12
Nov 2026
Thu
12 Nov 2026 Thu
Fujairah Massive Road Accident Truck Collision Malayali Family Members Died

ഫുജൈറ: യു.എ.ഇയിലെ ഫുജൈറയിലുണ്ടായ ഭീകരമായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഫുജൈറയിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റില്‍ ലോറിയും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചാണ് വന്‍ ദുരന്തമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടില്‍പ്പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ മുഹമ്മദ് അസ്മില്‍ (21), മിസ്‌ന ജുബിന്‍ (21), സഹോദരി ഫര്‍സാനയുടെ മകനായ മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. ഫുജൈറയില്‍ കഫറ്റീരിയ നടത്തുന്ന സിദ്ദീഖിന്റെ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം എ.ആര്‍. നഗര്‍ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ ടി.കെ. മൊയ്തീന്‍കുട്ടി മാഷിന്റെ മകനാണ് സിദ്ദീഖ്. അപകടത്തില്‍പ്പെട്ട മറ്റുള്ളവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അര്‍ധരാത്രിയിലെ ഭീകരമായ കൂട്ടിയിടി

ഫുജൈറയില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റില്‍ കനത്ത ദുരന്തത്തിന് കാരണമായ അപകടം നടന്നത്. അനിയന്ത്രിതമായി പാഞ്ഞെത്തിയ ലോറി നിരവധി വാഹനങ്ങള്‍ക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഫുജൈറ കോടതിയുടെ മുന്നില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.

കുടുംബത്തിലെ ഏഴുപേരാണ് ഈ വാഹനത്തില്‍ ഉണ്ടായിരുന്നത്. സന്ദര്‍ശക വിസയില്‍ യു.എ.ഇയില്‍ എത്തിയവരും ഇക്കൂട്ടത്തിലുണ്ട്. അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ ഫുജൈറയിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

വിവരമറിഞ്ഞ ഉടന്‍ തന്നെ പൊലീസും ആംബുലന്‍സ് സംഘങ്ങളും സിവില്‍ ഡിഫന്‍സ് വിഭാഗവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. പരിക്കേറ്റവരെ ഉടന്‍ തന്നെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിവിധ ആശുപത്രികളിലേക്ക് മാറ്റി.

അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടെങ്കിലും അധികൃതര്‍ ഉടന്‍ തന്നെ സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ ഫുജൈറ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പൊലീസ് അറിയിച്ചു. വാഹനയാത്രക്കാര്‍ കര്‍ശനമായി വേഗപരിധി പാലിക്കണമെന്നും, വാഹനങ്ങള്‍ക്കിടയില്‍ മതിയായ സുരക്ഷിത അകലം പാലിക്കണമെന്നും അധികൃതര്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു.

Tags: Fujairah Accident, Malayali Family Dead, UAE Road Accident, Sheikh Khalifa Bin Zayed Street, Malappuram Vengara, Gulf News Malayalam, News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക