12
Nov 2026
Thu
12 Nov 2026 Thu

ആഗോളതലത്തിൽ പുസ്തക, സാംസ്കാരിക, വിജ്ഞാന കേന്ദ്രമെന്ന നിലയിൽ ഷാർജയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതികൾ ചർച്ച ചെയ്ത് ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) ഡയറക്ടർ ബോർഡ് യോഗം. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടന്ന അതോറിറ്റിയുടെ ഏഴാമത് ബോർഡ് യോഗത്തിൽ ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര സാംസ്കാരിക പങ്കാളിത്തം, പ്രസാധക മേഖലയിലെ വികസനം, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നേട്ടങ്ങളും ഭാവി പദ്ധതികളും യോഗം വിലയിരുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അന്താരാഷ്ട്ര പ്രസാധക വിപണികളിൽ ഷാർജയുടെ സാന്നിധ്യം വിപുലീകരിക്കുക, വളർന്നുവരുന്ന സംരംഭങ്ങൾക്ക് പിന്തുണ നൽകുക, പുസ്തക വ്യവസായത്തിലെ സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്തുക തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. വിപണി വിശകലന സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, ഡിജിറ്റൽ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, ദൈനംദിന ജീവിതത്തിൽ പുസ്തകവായനയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതികൾ നടപ്പാക്കുക എന്നിവയും പരിഗണിച്ചു.

ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാംസ്കാരിക കാഴ്ചപ്പാട് ഒറ്റപ്പെട്ട പരിപാടികളിലോ പദ്ധതികളിലോ ഒതുങ്ങുന്നതല്ലെന്നും സമൂഹത്തിന്റെ ജീവിതത്തിലും ഭാവിയിലും പുസ്തകവും വിജ്ഞാനവും സംസ്കാരവും ഉൾച്ചേർക്കുന്ന സമഗ്ര സംവിധാനമാണെന്നും ഷെയ്ഖ ബുദൂർ പറഞ്ഞു. വായനയെയും പ്രസാധനത്തെയും പ്രോത്സാഹിപ്പിക്കുന്നതിൽനിന്ന് അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുന്നതിലേക്കും എഴുത്തുകാർക്കും പ്രസാധകർക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്കും ഈ സംവിധാനം വളർന്നിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

പോളണ്ടിലെ വാർസോ അന്താരാഷ്ട്ര പുസ്തകമേളയിൽ 2026 മേയിൽ അതിഥി രാജ്യമായി ഷാർജ പങ്കെടുത്തതിന്റെ നേട്ടങ്ങളും യോഗം വിലയിരുത്തി. 35 സാംസ്കാരിക പരിപാടികൾ, 28 ചർച്ചകൾ, 18 സംഗീതാവതരണങ്ങൾ എന്നിവയായിരുന്നു അന്ന് സംഘടിപ്പിച്ചത്. ആറ് എമിറാത്തി പുസ്തകങ്ങൾ പോളിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്തതും പ്രധാന നേട്ടമായി. മലേഷ്യൻ പുസ്തകവിൽപ്പന സ്ഥാപനമായ ബുക്ക് എക്സസുമായി (BookXcess) രൂപപ്പെടുത്തിയ പ്രത്യേക പങ്കാളിത്തവും ചർച്ചയായി. ഇതിലൂടെ ബിഗ് ബാഡ് വുൾഫ് ഷാർജയ്ക്ക് മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ വിപണികളിൽ വികസനാവകാശം ലഭിക്കും.

ഷാർജ അന്താരാഷ്ട്ര ബുക്ക്‌സെല്ലേഴ്‌സ് കോൺഫറൻസിൽ 99 രാജ്യങ്ങളിൽനിന്നായി 946 പേർ രജിസ്റ്റർ ചെയ്യുകയും 424 പ്രൊഫഷണൽ കൂടിക്കാഴ്ചകൾ നടക്കുകയും ചെയ്തു. 2026ലെ ഷാർജ അന്താരാഷ്ട്ര പ്രസാധക സമ്മേളനത്തിൽ 126 രാജ്യങ്ങളിൽനിന്നായി 1,888 പ്രസാധകർ പങ്കെടുത്തു. 2025ൽ ഇത് 116 രാജ്യങ്ങളിൽനിന്ന് 1,604 പേരായിരുന്നു. പ്രസാധന, വിവർത്തന പകർപ്പവകാശങ്ങളുടെ വിൽപ്പനയ്ക്കായി 7,980 കൂടിക്കാഴ്ചകൾ നടന്നു. മുൻവർഷത്തെ അപേക്ഷിച്ച് 140 ശതമാനത്തിലധികം വർധനയാണിത്. തുടർച്ചയായ ആറാം വർഷവും പകർപ്പവകാശ വ്യാപാരത്തിൽ ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയെന്ന സ്ഥാനം ഷാർജ നിലനിർത്തി. നാലാമത് ഷാർജ ആനിമേഷൻ ആൻഡ് കോമിക്സ് കോൺഫറൻസിൽ 8,075 സന്ദർശകരെത്തി. മുൻ പതിപ്പിനെ അപേക്ഷിച്ച് 47 ശതമാനമാണ് വർധന.

പുതിയ പ്രസാധക സംരംഭങ്ങളെ പിന്തുണയ്ക്കുന്ന ഷാർജ പബ്ലിഷിങ് സസ്റ്റൈനബിലിറ്റി ഫണ്ടിന്റെ (ഓൺഷുർ) പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. പരിശീലനത്തിനും ശേഷി വികസനത്തിനും പുറമെ മികച്ച പ്രസാധക സാങ്കേതികവിദ്യാ കമ്പനികളിൽ നേരിട്ട് നിക്ഷേപം നടത്തുന്നതിനുള്ള പദ്ധതികളും ഫണ്ട് പരിഗണിക്കുന്നുണ്ട്. വിപണിയിലെ വിൽപ്പന വിവരങ്ങൾ നിരീക്ഷിക്കുന്നതിനും പ്രസാധകരുടെയും വായനക്കാരുടെയും ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനുമുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്താനും തീരുമാനിച്ചു. അന്താരാഷ്ട്ര സാംസ്കാരിക പങ്കാളിത്തം വർധിപ്പിക്കുകയും പ്രസാധക മേഖലയിലെ വളർച്ചയ്ക്കും ഡിജിറ്റൽ നവീകരണത്തിനും നിക്ഷേപം നടത്തുകയും ചെയ്യുമെന്ന് യോഗത്തിന്റെ സമാപനത്തിൽ ഡയറക്ടർ ബോർഡ് വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക