ഷാർജ: 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് (SIBF 2026) സമാപനം. നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിൽ നടന്ന 12 ദിവസത്തെ മേളയിൽ 208 രാജ്യങ്ങളിൽ നിന്നായി 11.5 ലക്ഷത്തിലേറെ സന്ദർശകരെത്തി. ‘മെയ്ഡ് ഓഫ് സ്റ്റോറീസ്’ എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ മേള. തുടർച്ചയായ ആറാം വർഷവും പകർപ്പവകാശ വ്യാപാരത്തിനുള്ള ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേള എന്ന നേട്ടം ഷാർജ നിലനിർത്തി.
|
ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മേളയിൽ 126 രാജ്യങ്ങളിൽ നിന്നായി 3,626 പ്രസാധകരും പ്രദർശകരും പങ്കെടുത്തു. 17 ലക്ഷം പുസ്തകങ്ങളാണ് പ്രദർശനത്തിനെത്തിച്ചത്. മുൻ പതിപ്പിനെ അപേക്ഷിച്ച് പുസ്തകങ്ങളുടെ മൊത്തം വിൽപ്പനയിൽ 16 ശതമാനം വർധനയുണ്ടായി. സാഹിത്യം, കല, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട 1,500 പരിപാടികളും സംഘടിപ്പിച്ചു. 25 രാജ്യങ്ങളിൽ നിന്നുള്ള 106 എഴുത്തുകാരും ബുദ്ധിജീവികളും കലാകാരന്മാരും പരിപാടികളിൽ പങ്കെടുത്തു.
യുഎഇ, ഇന്ത്യ, സിറിയ, ഈജിപ്ത്, ജോർദാൻ, പാകിസ്ഥാൻ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ സന്ദർശകരെത്തിയത്. സ്കൂൾ വിദ്യാർഥികളെ കൂടാതെ 18 വയസ്സിൽ താഴെയുള്ളവർ സന്ദർശകരിൽ 25.6 ശതമാനമാണ്. 25–34, 35–44 പ്രായവിഭാഗങ്ങളിൽപ്പെട്ടവർ 22.9 ശതമാനം വീതവും 18–24 പ്രായക്കാർ 14.9 ശതമാനവും പങ്കാളികളായി. 45–60 പ്രായക്കാർ 11.9 ശതമാനവും 60 വയസ്സിന് മുകളിലുള്ളവർ 1.7 ശതമാനവുമാണ്. 85,000 സ്കൂൾ വിദ്യാർഥികളും മേള സന്ദർശിച്ചു. സന്ദർശകരുടെ സംതൃപ്തി നിരക്ക് 99.16 ശതമാനമായിരുന്നു.
പകർപ്പവകാശ വ്യാപാര രംഗത്തും മേള നേട്ടം കൈവരിച്ചു. 16-ാമത് ഷാർജ അന്താരാഷ്ട്ര പ്രസാധക സമ്മേളനത്തിൽ 1,888 പ്രസാധകർ പങ്കെടുത്തു. പ്രസാധന, വിവർത്തന അവകാശങ്ങൾ കൈമാറുന്നതിനായി 7,966 പ്രൊഫഷണൽ കൂടിക്കാഴ്ചകൾ നടന്നു. മുൻ പതിപ്പിനെ അപേക്ഷിച്ച് 140 ശതമാനത്തിലേറെയാണ് വർധന. സമ്മേളനത്തിലെ പങ്കാളികളുടെ സംതൃപ്തി നിരക്ക് 98.44 ശതമാനമായി.
മേളയോടനുബന്ധിച്ച് ഷാർജയിലെ പൊതുഗ്രന്ഥശാലകളിലേക്ക് പുസ്തകങ്ങൾ വാങ്ങുന്നതിനായി 45 ലക്ഷം ദിർഹം അനുവദിക്കാനും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശിച്ചു. മേളയിൽ പങ്കെടുക്കുന്ന പ്രസാധകരിൽ നിന്ന് പുസ്തകങ്ങൾ വാങ്ങുന്നതിനാണ് തുക വിനിയോഗിക്കുക. പൊതുഗ്രന്ഥശാലകളിലെ പുസ്തകശേഖരം വിപുലീകരിക്കുന്നതിനൊപ്പം പ്രസാധകർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
മേളയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച ഷാർജ ബുക്ക് അതോറിറ്റി സി.ഇ.ഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി, സന്ദർശകരുടെ എണ്ണത്തിനപ്പുറം വായനക്കാരും എഴുത്തുകാരും പ്രസാധകരും തമ്മിൽ രൂപപ്പെടുന്ന ബന്ധങ്ങളും അവസരങ്ങളുമാണ് മേളയുടെ യഥാർഥ നേട്ടമെന്ന് പറഞ്ഞു. ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ മാർഗനിർദേശത്തിൽ ആഗോള പ്രസാധക രംഗത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് മേള വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തവണത്തെ അതിഥി രാജ്യമായ ഒമാൻ തങ്ങളുടെ സാഹിത്യ-സാംസ്കാരിക പൈതൃകം പരിചയപ്പെടുത്തുന്ന വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു. 41 എഴുത്തുകാരും കവികളും ഉൾപ്പെടെ 50 അതിഥികൾ പങ്കെടുത്തു. 16 സാംസ്കാരിക ചർച്ചകൾ, കുട്ടികൾക്കായി ആറ് ശിൽപശാലകൾ, 20 കലാപരിപാടികൾ എന്നിവയും അരങ്ങേറി. മൊറോക്കൻ പണ്ഡിതനും അക്കാദമിക് വിദഗ്ധനുമായ ഡോ. സഈദ് യക്തീനെ മേളയുടെ സാംസ്കാരിക വ്യക്തിത്വമായി ആദരിച്ചു. അറബി ആഖ്യാനപഠനം, സാഹിത്യവിമർശനം, ഡിജിറ്റൽ സാഹിത്യം തുടങ്ങിയ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചായിരുന്നു ആദരം.
വായനക്കാരെയും എഴുത്തുകാരെയും പ്രസാധകരെയും ഒരേ വേദിയിൽ ഒരുമിപ്പിച്ച 45-ാമത് പതിപ്പ് പുതിയ പുസ്തകങ്ങൾ പരിചയപ്പെടുന്നതിനും അന്താരാഷ്ട്ര പ്രസാധക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും വഴിയൊരുക്കി. മേളയിൽ രൂപപ്പെട്ട പകർപ്പവകാശ കരാറുകളും പങ്കാളിത്തങ്ങളും പൊതുഗ്രന്ഥശാലകൾക്കായുള്ള നിക്ഷേപവും 12 ദിവസത്തെ പരിപാടികൾക്കപ്പുറവും ഷാർജയുടെ സാംസ്കാരിക രംഗത്ത് സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





