17
Nov 2026
Tue
17 Nov 2026 Tue
Nellai Mubarak resigned from SDPI

ചെന്നൈ: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്ഡിപിഐ) എല്ലാ സംഘടനാ പദവികളിൽനിന്നും പ്രാഥമിക അംഗത്വത്തിൽനിന്നും രാജിവച്ചതായി തമിഴ്‌നാട് മുൻ സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്. കഴിഞ്ഞ സെപ്റ്റംബറിൽ ഒരു കത്തിന്റെ അടിസ്ഥാനത്തിലുണ്ടായ ചില അനിഷ്ട സംഭവങ്ങൾക്കുശേഷം തനിക്കെതിരെ വിവിധ തരത്തിലുള്ള അപവാദങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇതുമൂലം കടുത്ത മാനസിക വിഷമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ 31 വർഷമായി പൊതുപ്രവർത്തന രംഗത്ത് സജീവമാണെന്ന് അദ്ദേഹം പറഞ്ഞു. എസ്ഡിപിഐയുടെ തമിഴ്‌നാട്ടിലെ ആദ്യ അംഗമായും സംഘടനാ ചുമതലക്കാരനായും പ്രവർത്തനം ആരംഭിച്ച അദ്ദേഹം പിന്നീട് സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. തുടർന്നുള്ള ഒൻപത് വർഷം സംസ്ഥാന പ്രസിഡന്റായും ദേശീയ പ്രവർത്തക സമിതി അംഗമായും ദേശീയ സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചു.

ദൈവഹിതപ്രകാരം മനഃസാക്ഷിക്കനുസരിച്ചാണ് ഇതുവരെ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചതെന്നും എന്നാൽ കഴിഞ്ഞ സെപ്റ്റംബറിലെ സംഭവങ്ങൾക്കുശേഷം ഉണ്ടായ വിവാദങ്ങളും അപവാദപ്രചാരണങ്ങളും ഏറെ വേദനിപ്പിച്ചെന്നും അദ്ദേഹം കുറിച്ചു. നിലവിലെ പ്രതികൂലവും കയ്പേറിയതുമായ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്നുപ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് രാജിവെക്കുന്നതെന്നും വ്യക്തമാക്കി.

തന്റെ രാഷ്ട്രീയ യാത്രയിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത സംസ്ഥാന, ദേശീയ പ്രവർത്തക സമിതി അംഗങ്ങൾക്കും അയൽസംസ്ഥാനങ്ങളിലെ നേതാക്കൾക്കും ജില്ലാ മുതൽ ബ്രാഞ്ച് തലം വരെയുള്ള ഭാരവാഹികൾക്കും പോഷക സംഘടനാ പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു.

കനത്ത ഹൃദയവേദനയോടെയാണ് എല്ലാവരോടും വിടപറയുന്നതെന്നും എല്ലാവരുടെയും സൽപ്രവർത്തനങ്ങൾ അല്ലാഹു സ്വീകരിക്കട്ടെയെന്നും രാജിക്കുറിപ്പിൽ നെല്ലൈ മുബാറക് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക