|
സ്കൂളിലേക്കുള്ള യാത്രയിൽ ഐസ്ക്രീം വാങ്ങിനൽകാമെന്ന് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകപ്പെട്ട ഏഴുവയസ്സുകാരി 9 വർഷത്തിനു ശേഷം 16ാം വയസ്സിൽ സ്വന്തം കുടുംബത്തിലേക്ക് തിരികെയെത്തിയിരിക്കുന്നു. സഹോദരങ്ങൾക്കൊപ്പം സ്കൂളിലേക്കുള്ള യാത്രയിലായിരുന്നു പൂജയെന്ന ഏഴുവയസ്സുകാരിയെ 2013 ജനുവരി 22ന് മുംബൈയിൽ നിന്ന് കാണാതായത്.
സഹോദരങ്ങളുമായി വഴക്കടിച്ചതിനെ തുടർന്ന് അകലംപാലിച്ച് സ്കൂളിലേക്ക് നടന്നുപോവുന്നതിനിടെയാണ് ഹാരി ഡിസൂസയെന്നയാൾ പൂജയെ തട്ടിക്കൊണ്ടുപോയത്. ഐസ്ക്രീം വാങ്ങിനൽകാമെന്ന് പറഞ്ഞ് പൂജയെ ഹാരി ഡിസൂസ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വിവാഹിതനായ ഹാരി ഡിസൂസയ്ക്കും ഭാര്യക്കും കുട്ടികളുണ്ടായിരുന്നില്ല. വീട്ടിലെത്തിച്ച പൂജയ്ക്ക് ഇരുവരും ചേർന്ന് മറ്റൊരു പേരു നൽകുകയും ചെയ്തു.
ഇതിനിടെ കുട്ടിക്കു വേണ്ടി പൊലീസ് അന്വേഷണം നടത്തുന്നതറിഞ്ഞ് പൂജയെ ഇരുവരും കർണാടകയിലെ ബോർഡിങ് സ്കൂളിൽ ചേർത്തു. കുട്ടി ഇവിടെ പഠിക്കുന്നതിനിടെ ഹാരിക്കും ഭാര്യക്കും കുഞ്ഞ് പിറന്നു. ഇതോടെ പൂജയെ കർണാടകയിൽ നിന്ന് വീട്ടിലെത്തിക്കും കുഞ്ഞിനെ നോക്കുന്ന ചുമതലയേൽപ്പിക്കുകയും ചെയ്തു. പൂജയെ ഇരുവരും ദ്രോഹിക്കുകയും അയൽവീടുകളിൽ വീട്ടുജോലിക്കു വിടുകയും ചെയ്തിരുന്നു.
ഇങ്ങനെ അയൽവീട്ടിലെത്തിയപ്പോഴാണ് പൂജ താൻ ഹാരി ഡിസൂസയുടെ മകളല്ലെന്നും തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്നും സ്കൂളിലേക്കു പോവുന്ന വഴി പിടിച്ചുകൊണ്ടുവന്നതാണെന്നും അറിയിക്കുന്നത്. ഈ കഥ കേട്ട സ്ത്രീ ഇന്റർനെറ്റിൽ പരതിയപ്പോഴാണ് പൂജയെ കാണാതായ സമയത്ത് ഇറക്കിയ നോട്ടിസ് ശ്രദ്ധയിൽ പെടുന്നത്. ഗേൾ നമ്പർ 166 എന്ന പേരിലായിരുന്നു പൊലീസ് പൂജയുടെ ചിത്രം സഹിതം മിസ്സിങ് പോസ്റ്റർ പുറത്തിറക്കിയത്. ഡിഎൻ നഗർ പൊലീസ് സ്റ്റേഷൻ റിക്കാഡ് പ്രകാരം കാണാതായ 166ാമത്തെ പെൺകുട്ടിയായിരുന്നു പൂജ.
ഈ പോസ്റ്ററിൽ നൽകിയിരുന്ന നമ്പരിൽ വിളിച്ചാണ് പൂജ ജോലിക്കുചെന്ന വീട്ടിലെ സ്ത്രീ ഞെട്ടിക്കുന്ന വിവരം അറിയിക്കുന്നത്. തുടർന്ന് പൊലീസ് എത്തി പൂജയെ ഏറ്റുവാങ്ങുകയും കുടുംബത്തിന് കൈമാറുകയുമായിരുന്നു. ഹാരി ഡിസൂസയെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



