കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത മരുമകളുടെ തലയുമായി വീട്ടമ്മ പൊലീസ് സ്റ്റേഷനിലെത്തി. ആന്ധ്രാപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം. വ്യാഴാഴ്ചയാണ് അന്നമ്മയ്യ ജില്ലയിൽ സുബ്ബമ്മയെന്ന വീട്ടമ്മ മരുമകളെ കൊലപ്പെടുത്തിയത്.
|
വസ്തുതർക്കത്തെ തുടർന്നാണ് താൻ മരുമകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്റ്റേഷനിലെത്തിയ സുബ്ബമ്മ വെളിപ്പെടുത്തി. 35കാരിയാണ് കൊല്ലപ്പെട്ടത്. സുബ്ബമ്മയുടെ മരിച്ചുപോയ മകന്റെ ഭാര്യയാണ് കൊല്ലപ്പെട്ട യുവതിയെന്ന് പൊലീസ് സൂപ്രണ്ട് ഹർഷ് വർധൻ രാജു പറഞ്ഞു. കൊല്ലപ്പെട്ട യുവതിക്ക് രണ്ടു പെൺമക്കളുണ്ട്. ഇതിനിടെ യുവതിക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടായിരുന്നു.
കുവൈത്തിൽ ജോലിക്കു പോയി വാങ്ങിയ തന്റെ വസ്തു മരുമകൾ കാമുകന് നൽകുമെന്നും പേരക്കുട്ടികൾക്ക് ഒന്നും ലഭിക്കില്ലെന്നുമുള്ള ഭയം മൂലമാണ് കൊലപാതകം നടത്തിയതെന്നു വീട്ടമ്മ പൊലീസിനു മൊഴി നൽകി. മരുമകളുടെ കാമുകൻ വീട്ടമ്മയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. ഇതും കൃത്യത്തിന് ഇവരെ പ്രേരിപ്പിച്ചുവെന്ന് എസ്പി കൂട്ടിച്ചേർത്തു.



