|
പത്തനംതിട്ട: കശ്മീര്‍ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ മുന്‍മന്ത്രിയും ഇടതു എം.എല്‍.എയുമായ കെ.ടി ജലീലിനെതിരെ കേസ്. ആര്‍.എസ്.എസ് നേതാവ് അരുണ്‍ മോഹന്‍ നല്‍കിയ പരാതിപ്രകാരം ജലീലിനെതിരെ കേസെടുക്കാന്‍ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഇന്നലെ കീഴ്വായ്പൂര്‍ എസ്എച്ച്ഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം പത്തനംതിട്ട കീഴ്വായ്പൂര്‍ പൊലീസാണ് കേസെടുത്തത്.
153 ബി പ്രകാരവും പ്രിവന്‍ഷന്‍ ഓഫ് ഇന്റന്‍ഷന്‍ ടു നാഷനല്‍ ഓണര്‍ ആക്ട് 1971 സെക്ഷന്‍ 2 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പരാമര്‍ശം കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
പരാമര്‍ശം ഉണ്ടായ ശേഷം ഈ മാസം 12ന് കീഴ്വായ്പൂര്‍ പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അരുണ്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ഇതെത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ഇന്നലെ കേസ് പരിഗണിച്ച ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് രേഷ്മ ശശിധരന്‍ ജലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തല്‍, കലാപ ആഹ്വാനം, ദേശീയ ബഹുമതികളെ അവമതിക്കല്‍ തുടങ്ങിയവ പരാമര്‍ശത്തില്‍ ഉണ്ടെന്ന് കാട്ടിയാണ് ഹര്‍ജി നല്‍കിയത്.
പാക്ക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീര്‍’ എന്നും കശ്മീര്‍ താഴ്വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേര്‍ത്ത് ‘ഇന്ത്യന്‍ അധീന കശ്മീര്‍’ എന്നുമുള്‍പ്പെടെയുള്ള പരാമര്‍ശമുള്ള ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് കേസിന്നാധാരം.
Case Registered Against KT Jaleel MLA on controversial Kashmir remark



