|
ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. വിദഗ്ധ ചികിത്സയ്ക്കായി സോണിയഗാന്ധി വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ചുമതല ഏറ്റെടുക്കണമെന്ന് ഗെഹ്ലോട്ടിനോട് സോണിയ അഭ്യര്‍ത്ഥിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്നലെ നടന്ന കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. അതേസമയം ഗെഹ്ലോട്ട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഗനാധി കുടുംബത്തോട് എന്നും കൂറുപലര്‍ത്തിവരുന്ന ഗെഹ്ലോട്ട് ഇന്ന് രാഹുല്‍ഗാന്ധിയെ കാണുന്നുണ്ട്. അതിന് ശേഷം തീരുമാനം പരസ്യപ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഭ്യന്തര തെരഞ്ഞെടുപ്പിന്റെ സമയ പരിധി സെപ്റ്റംബര്‍ 20ന് അവസാനിക്കും. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റാകാന്‍ വിസമ്മതിച്ചതോടെയാണ് ഈ സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്തേണ്ടി വന്നത്. അതേസമയം, പ്രവര്‍ത്തകരുടെ ആത്മവീര്യം ഇല്ലാതാക്കുമെന്നതിനാല്‍ രാഹുല്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഗെഹ്ലോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസിഡന്റാകാന്‍ ഏറ്റവും അനുയോജ്യന്‍ രാഹുല്‍ ആണെന്നാണ് ഗെഹ്ലോട്ട് വാദിക്കുന്നത്. അദ്ദേഹത്തെ മുന്നോട്ടു കൊണ്ടുവരാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രായവും ആരോഗ്യവും കണക്കിലെടുത്താണ് പാര്‍ട്ടി തലപ്പത്തേക്ക് സോണിയക്ക് പിന്‍ഗാമിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായത്.
ഗെലോട്ട് വരികയാണെങ്കില്‍ തന്ത്രശാലിയായ അധ്യക്ഷനെയാവും കോണ്‍ഗ്രസിന് ലഭിക്കുക. നിലവില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായ ഗെലോട്ടാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനുള്ളില്‍ വിമതസ്വരം ശക്തമായിട്ടും ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് നിന്നുകൊടുക്കാതെ പാര്‍ട്ടിയെ നയിക്കുന്നത്.



