22
Aug 2022
Mon
22 Aug 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊടുപുഴ: കുടയത്തൂർ സംഗമം കവലയ്ക്ക് സമീപം ഉരുൾപൊട്ടിയുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഇനി രണ്ട് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. കുടയത്തൂർ മാളിയേക്കല്‍ കോളനിയിലെ ചിറ്റടിച്ചാൽ സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയിൽപ്പെട്ടത്. ഇവരിൽ തങ്കമ്മ(74), മകള്‍ ഷിമ(25), ചെറുമകന്‍ ദേവാനന്ദ് (5) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

 

മറ്റു രണ്ട് പേർക്കായി തിരച്ചിൽ പുരോ​ഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി എൻആർഡിഎഫ് സംഘവും സ്ഥലത്തെത്തും. തെരച്ചിലിനായി തൃശൂരിൽ നിന്നുള്ള എൻഡിആർഎഫ് സംഘം ഇതിനോടകം തൊടുപുഴയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതു കൂടാതെ പ്രത്യേക പരിശീലനം ലഭിച്ച ഡോ​ഗ് സ്ക്വാഡും സ്ഥലത്തുണ്ട്.

 

സോമന്റെ വീട് പൂർണമായും മണ്ണിനടിയിൽപ്പെട്ടിരുന്നു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി റവന്യൂ മന്ത്രി കെ രാജൻ സ്ഥലത്തെത്തിയിട്ടുണ്ട്. ഇടുക്കിയുടെ ചുമതലയുള്ള മന്ത്രി റോഷി അ​ഗസ്റ്റിൻ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടതായി കെ രാജൻ പറഞ്ഞു. നേരത്തെ അപകടം ഉണ്ടായിട്ടുള്ള സ്ഥലമല്ലന്ന് മന്ത്രി പറഞ്ഞു.

 

ഇടുക്കി എംപി ഡീൻ കുര്യാക്കോസും ജില്ലാ കലക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. മലയോര പ്രദേശങ്ങളിൽ മഴ ശക്തമായ സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിർ​ദേശിച്ചു. സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോ​ഗിച്ച് രക്ഷാപ്രവർത്തനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

വീടിരുന്ന സ്ഥലത്തിന് താഴെ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. വീട് ഇരുന്ന സ്ഥലത്താണ് ഇനി കണ്ടെത്താനുള്ളവർക്കായുള്ള തിരച്ചിൽ നടത്തുന്നത്. കോൺ​ക്രീറ്റ് കെട്ടിടമായിരുന്നു വീട്. ഇത് പൂർണമായും ഒലിച്ചുപോയി. തറ മാത്രമാണ് ബാക്കിയുള്ളത്. ഒരു ഓട്ടോറിക്ഷ ഉൾപ്പെടെ മണ്ണിനടിയിൽപ്പെട്ടിട്ടുണ്ട്.

 

അതേസമയം, സമീപത്തെ അപകടസാധ്യതയുള്ള മേഖലകളിലെ വീടുകളിലെ ആളുകളെ മാറ്റുകയാണ്. കൂടുതൽ അപകട സാധ്യത മുന്നിൽക്കണ്ടാണ് തീരുമാനം. അതിന് എല്ലാവിധ സൗകര്യങ്ങളും സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ഉറപ്പുവരുത്തുമെന്ന് മന്ത്രി അറിയിച്ചു. ശക്തമായ മഴയ്ക്ക് പിന്നാലെ പുലർച്ചെ മൂന്നു മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നാണ് അപകടമുണ്ടായത്.

 

ഇന്നലെ രാത്രിയോടെ പ്രദേശത്ത് ശക്തമായ മഴയാണുണ്ടായത്. ഈ മഴയ്ക്ക് ഒടുവിലാണ് ഉരുൾപൊട്ടിയത്. വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും വീട് പൂർണമായും ഒലിച്ചു പോയിരുന്നു. റവന്യു വകുപ്പും പൊലീസും ഫയർഫോഴ്സ് സംഘും സ്ഥലത്തുണ്ട്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് ആളുകളെ കണ്ടെടുക്കുന്നത്.