23
Aug 2022
Wed
23 Aug 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ് മിഹയിൽ ഗൊർബച്ചേവ് (91) അന്തരിച്ചു. ഇന്നു പുലർച്ചെയാണ് മരണം. റഷ്യൻ വാർത്ത ഏജൻസികളാണ് വിവരം പുറത്തുവിട്ടത്. അന്ത്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും മോസ്‌കോയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചിരുന്നു.

ആറു വർഷം സോവിയറ്റ് യൂണിയന്റെ (യു.എസ്.എസ്.ആർ) പ്രസിഡന്റായിരുന്ന ഗൊർബച്ചോവ് കൊണ്ടുവന്ന ഭരണപരിഷ്‌കരണ നടപടികളാണ് ലോകത്തിലെ പ്രഥമ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കിയത്. യു.എസ്.എസ്.ആർ മഹാസാമ്രാജ്യത്തിലെ റിപ്പബ്ലിക്കുകൾ ഓരോന്നായി വിട്ടുപോകവേ, 1991 ഡിസംബർ 25ന് അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. രക്തരൂക്ഷിതമായ ബോൾഷെവിക് വിപ്ലവത്തിൽ ഉദയംചെയ്ത സോവിയറ്റ് യൂണിയന്റെ അന്ത്യം പക്ഷേ സമാധാനപരമായിരുന്നു. 

1985ൽ അധികാരമേറ്റ ഗൊർബച്ചോവ് രാജ്യത്തെ കൂടുതൽ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ ലക്ഷ്യമിട്ടു രണ്ടുനയപരിപാടികൾ കൊണ്ടുവന്നു. രാഷ്ട്രീയ സുതാര്യത വാഗ്ദാനം ചെയ്യുന്ന ഗ്ലാസ്‌നോസ്തും സാമ്പത്തിക ഉദാരവൽക്കരണമായ പെരിസ്‌ട്രോയിക്കയും. രണ്ടാം ലോകയുദ്ധത്തിനു ശേഷം യൂറോപ്പിനെ പ്രതിസന്ധിയിലാക്കിയ ‘ഇരുമ്പുമറ’ ഇല്ലാതാക്കുന്നതിലും ജർമനിയുടെ ഏകീകരണം സാധ്യമാക്കുന്നതിലും ഗൊർബച്ചേവിന്റെ നടപടികൾ വഴിതെളിച്ചെങ്കിലും, ഗ്ലാസ്‌നോസ്തും പെരിസ്‌ട്രോയിക്കയും എന്ന ആശയം വിജയം കണ്ടില്ല. ഇതു മനസ്സിലാക്കിയതോടെയാണ് രാജി പ്രഖ്യാപനമുണ്ടായത്. അമേരിക്കയുമായുള്ള ശീതയുദ്ധം രക്തച്ചൊരിച്ചിൽ ഇല്ലാതെ അവസാനിപ്പിക്കുന്നതിൽ ഗൊർബച്ചേവ് നിർണായക പങ്കുവഹിച്ചു. 

1999 ൽ അന്തരിച്ച ഭാര്യ റൈസയുടെ അടുത്തായി മോസ്‌കോയിലെ നോവോഡെവിച്ചി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.

നിലവിൽ റഷ്യയുടെ ഭാഗമായ പ്രിവോയ്‌ലിയിൽ 1931 മാർച്ച് 2 നാണ് മിഖായേൽ സെർജെയ്വിച്ച് ഗോർബച്ചേവിന്റെ ജനനം. 1985 മുതൽ 1991 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1990-91 കാലയളവിൽ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്നു. 1990 ൽ സമാധനാത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

1952 ൽ മോസ്‌കോ സ്റ്റേറ്റ് സർവ്വകലാശാലയിൽ നിയമ പഠനം ആരംഭിച്ചപ്പോഴാണ് ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമാവുന്നത്. 1955 ൽ നിയമത്തിൽ ബിരുദം കരസ്ഥമാക്കി. 1970 ൽ ഗോർബച്ചേവ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ റീജ്യൺ സെക്രട്ടറിയായി. 1971 ലാണ് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി അംഗമാവുന്നത്. 1978 ൽ പാർട്ടിയുടെ അഗ്രികൾച്ചർ സെക്രട്ടറിയായി. 1979 പോളിറ്റ്ബ്യൂറോയുടെ കാന്റിഡേറ്റ് മെമ്പറായി. 1980ലാണ് ഫുൾ മെമ്പറായത്.

Former Soviet president Mikhail Gorbachev passes away