22
Sep 2022
Fri
22 Sep 2022 Fri

തുടർച്ചയായി സുരക്ഷാജീവനക്കാരൻ കൊല്ലപ്പെടുന്നു. മൃതദേഹങ്ങൾ കണ്ടെത്തുന്നത് തല തകർന്ന നിലയിൽ. ഒന്നും രണ്ടുമല്ല, അഞ്ചുപേരാണ് ചുരുങ്ങിയ സമയം കൊണ്ട് കൊല്ലപ്പെട്ടത്. കൊലപാതക പരമ്പര വാർത്തയറിഞ്ഞ് ജനം ഭയചകിതരായി. കൊലപാതകിയെ പിടിക്കാൻ പൊലീസ് പരക്കം പാഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

മധ്യപ്രദേശിലാണ് സുരക്ഷാജീവനക്കാർ ക്രൂരമായി കൊല്ലപ്പെട്ടത്. കല്ലിനിടിച്ചായിരുന്നു അക്രമി ഇരകളെ വകവരുത്തിയിരുന്നത്. വിശ്രമമില്ലാത്ത പൊലീസ് അന്വേഷണം ഒടുവിൽ പ്രതിയിലേക്കുള്ള വഴിതുറന്നു. 19കാരനായ ശിവപ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു കാരണം ചോദിച്ച പൊലീസിനെ ഞെട്ടിച്ചത് ശിവപ്രസാദ് നൽകിയ മറുപടിയായിരുന്നു.

 

യാഷ് നായകനായെത്തിയ  സൂപ്പർഹിറ്റ് കന്നഡ ചിത്രം കെജിഎഫ് ആയിരുന്നു കൊലപാതക പരമ്പര നടത്താൻ ശിവപ്രസാദിനെ പ്രേരിപ്പിച്ചത്. ലോകമറിയുന്ന ആളാവുകയെന്ന ചിന്തയാണ് സിനിമ ശിവപ്രസാദിന്റെ തലയിൽ ഇട്ടുകൊടുത്തത്. ഇങ്ങനെയാണ് കൊലപാതകം നടത്താൻ ഇയാൾ തീരുമാനിച്ചത്.

 

 

ഉറങ്ങിക്കിടക്കുന്ന സെക്യൂരിറ്റി ​ഗാർഡുകളെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുന്നുണ്ടെങ്കിലും കവർച്ചയൊന്നും നടക്കാത്തതാണ് പൊലീസിനെ ചുറ്റിച്ചത്. എന്നാൽ ശിവപ്രസാദ് കഴിഞ്ഞദിവസം കൊലപ്പെടുത്തിയ സുരക്ഷാജീവനക്കാരന്റെ പക്കൽനിന്നെടുത്തുകൊണ്ടുപോയ മൊബൈൽ ഫോൺ ആണ് പ്രതിയെ പിടിക്കാൻ പൊലീസിനെ സഹായിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസിന് പ്രതിയുടെ വീഡിയോ ലഭിച്ചിരുന്നു. 

 

മൂന്നുരാത്രികളായി മൂന്നു സെക്യൂരിറ്റി ​ഗാർഡുകളെയാണ് ഇയാൾ വകവരുത്തിയത്. കഴിഞ്ഞദിവസം രാത്രി ഭോപാലിലും ഇയാൾ ഒരാളെ വധിച്ചു. മെയ് മാസത്തിൽ മേൽപ്പാല നിർമാണകേന്ദ്രത്തിലെ വാച്ച്മാനെയും ഇയാൾ കൊലപ്പെടുത്തിയിരുന്നു. 

 

അഞ്ചു സുരക്ഷാജീവനക്കാരെ കൊലപ്പെടുത്തിയ ശിവപ്രസാദ് അടുത്തതായി പൊലീസുകാരെ കൊലപ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് ഇയാളെ ഭോപാലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.