|
വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മൽസ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്ന് സാംസ്‌കാരിക ജനാധിപത്യ വേദി
തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മൽസ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്ന് സാംസ്‌കാരിക ജനാധിപത്യ വേദി ആവശ്യപ്പെട്ടു. സ്വകാര്യ കുത്തകൾക്ക് കോടികൾ കൊയ്യാൻ തീരം വിട്ടുകൊടുക്കണോ അതോ മൽസ്യത്തൊഴിലാളികളുടെ ഉപജീവനവും തീരവും സംരക്ഷിക്കപ്പെടണോ എന്ന ചോദ്യമാണ് വിഴിഞ്ഞം സമരം ഉയർത്തുന്നത്. ലോകത്തെ മൂന്നാമത്തെ കോടീശ്വരനായ അദാനിയുടെ കൂടെയാണ് ഇടതുസർക്കാരെന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞുവെന്ന് സംസ്ഥാന പ്രസിഡന്റ് മാരായമുട്ടം രാജേഷ് പറഞ്ഞു.
ഏഷ്യയിൽ തന്നെ ഏറ്റവുമധികം മൽസ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് കരുംകുളം പഞ്ചായത്ത്. അതുകഴിഞ്ഞാൽ പൂന്തുറ-ബീമാപള്ളി പ്രദേശത്താണ് ഏറ്റവും കൂടുതൽ മൽസ്യത്തൊഴിലാളികൾ താമസിക്കുന്നത്. ജില്ലയിൽ ഏതാണ്ട് 182,875 മൽസ്യത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്.
7525 കോടി രൂപയാണ് വിഴിഞ്ഞം പദ്ധതി തുക. ഇതിൽ 75 ശതമാനം മുതൽമുടക്കുന്നതും സംസ്ഥാന സർക്കാരാണ്. സംസ്ഥാനത്തിന് 20 വർഷം കഴിയുമ്പോൾ വരുമാനത്തിന്റെ ഒരു ശതമാനം ലാഭം കിട്ടും. അതായത്, 11.71 കോടി രൂപ. ഇതിന്റെ 40 ശതമാനം വിജിഎഫിന് കേന്ദ്രം മുടക്കിയ പണത്തിന് തിരിച്ചടവായി നൽകണം. കേരള സർക്കാരിന് കിട്ടുന്നത് 6.95 കോടി രൂപ. പദ്ധതി തുക നൽകുന്നതിന് പുറമെ ഏതാണ്ട് 350 ഏക്കർ കരഭൂമിയും കടലിൽ നിന്ന് 130 ഏക്കറും അദാനിക്ക് സംസ്ഥാന സർക്കാർ കൈമാറുന്നുണ്ട്. വിഴിഞ്ഞം പദ്ധതി ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന് ലാഭകരമല്ലെങ്കിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കണം.
2018ൽ കമ്മിഷൻ ചെയ്യുമെന്ന് പറഞ്ഞ പോർട്ട് 2022ലും 30 ശതമാനം പണി മാത്രമേ പൂർത്തിയായിട്ടുള്ളൂ. സർക്കാരുമായുണ്ടാക്കിയ കരാർപ്രകാരം നിർമാണകാലം കഴിയുന്ന ഓരോ ദിവസത്തിനും 12 ലക്ഷം രൂപ നഷ്ടപരിഹാരം സംസ്ഥാന സർക്കാരിന് നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഇക്കാര്യം എന്തുകൊണ്ടാണ് കമ്പനിയോട് സംസ്ഥാന സർക്കാർ ഇതുവരെ ആവശ്യപ്പെടാത്തത്.
പോർട്ടിന് പുറമെ വൻകിട ടൂറിസം പദ്ധതിയും അദാനിയുടെ ലക്ഷ്യമാണ്. 30 ശതമാനം ഭൂമി പദ്ധതിയേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് സർക്കാരുമായുണ്ടാക്കിയ കരാറിൽ പറയുന്നുണ്ട്. ഭീമൻ ചരക്ക് കപ്പൽ നങ്കൂരമിടാൻ പാകത്തിൽ നിർമിക്കുന്ന തുറമുഖത്തിന് ചുറ്റിലുമായി എത്ര കിലോമീറ്റർ മൽസ്യബന്ധനത്തിന് നിരോധനമുണ്ടാകുമെന്ന് ഇതുവരെ സർക്കാർ വ്യക്തമാക്കിയിട്ടില്ല.
ഒരു ബക്കറ്റ് വെള്ളത്തിലേക്ക് ഒരു ബക്കറ്റ് കല്ലിട്ടാൽ എന്താണ് സംഭവിക്കുക എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. അതാണ് ഇപ്പോൾ തീരത്ത് സംഭവിച്ച് കൊണ്ടിരിക്കുന്നത്. വലിയ തുറ, ബീമാപള്ളി, ശംഖുമുഖം, പൂന്തുറ, ഭാഗങ്ങളിൽ വൻതോതിൽ തീരം കടലെടുത്തുകഴിഞ്ഞു. 500 ഓളം വീടുകളാണ് ഈ കാലയളവിൽ കടലെടുത്തത്.
ഈ അടുത്ത് വിഴിഞ്ഞം തീരത്തോട് ചേർന്ന് ബോട്ട് തകർന്ന് 60 മൽസ്യത്തൊഴിലാളികളാണ് ദാരുണമായി മരിച്ചത്. കടൽ തുരന്നും നികത്തിയുമുള്ള അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളാണ് ഈ അപകടമരണത്തിന് കാരണം.
2018ലെ ഓഖി മുതൽ വീട് നഷ്ടപ്പെട്ട വലിയൊരു വിഭാഗത്തിന് ഇതുവരെ വീടോ നഷ്ടപരിഹാരമോ ലഭ്യമാക്കിയിട്ടില്ല.
തീരത്ത് വലയും മൽസ്യബന്ധന സാധനങ്ങളുമായി കഴിയുന്ന മൽസ്യത്തൊഴിലാളികളെ തീരത്ത് നിന്ന് അകലെ ഫ്‌ലാറ്റിലേക്ക് മാറ്റുന്നത് അവരുടെ ഉപജീവനത്തെ തന്നെ സാരമായി ബാധിക്കും. ദേശീയ പാത വികസനത്തിന്റെ ഭാഗമായി സ്ഥാവര ജംഗമ വസ്തുക്കൾ നഷ്ടപ്പെട്ടവർക്കായി ലക്ഷങ്ങളാണ് സർക്കാർ നൽകുന്നത്. നൂറുകണക്കിന് പേർ വന്നുപോയിരുന്ന ശംഖുമുഖം ബീച്ച് ഇന്ന് ഇല്ല. കടൽ കയറ്റത്താൽ പൂർണമായി തകർന്നിരിക്കുകയാണ്. അദാനി പോർട്ടിന്റെ വെറും 30 ശതമാനം പണി പൂർത്തിയായപ്പോഴാണ് ഈ അവസ്ഥ.
അതിജീവനത്തിനായി കഴിഞ്ഞ 19 ദിവസമായി വിഴിഞ്ഞത്ത് രാപ്പകൽ ഉപരോധം നടത്തുന്ന മൽസ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളോട് കേരളത്തിലെ എഴുത്തുകാരും പൗരാവകാശപ്രവർത്തകരും ബുദ്ധിജീവികളും പുലർത്തുന്നത് കുറ്റകരമായ മൗനമാണ്. മൽസ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണം. എത്രയും പെട്ടന്ന് മുഖ്യമന്ത്രി സമരക്കാരുമായി ചർച്ച ചെയ്ത് മൽസ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തിന് പ്രഥമ പരിഗണ നൽകി സമരം അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സാംസ്‌കാരിക ജനാധിപത്യ വേദി സംസ്ഥാന പ്രസിഡന്റ് മാരായമുട്ടം രാജേഷ് ആവശ്യപ്പെട്ടു.



