22
Sep 2022
Mon
22 Sep 2022 Mon

ജീവിതം തുടങ്ങിയത് ഓട്ടോഡ്രൈവറായാണ്. എന്നാൽ പിന്നീട് കാർമോഷണത്തിലേക്ക് തിരിഞ്ഞു. പൊലീസ് പിടികൂടിയ 52കാരനായ അനിൽ ചൗഹാൻ അയ്യായിരത്തിലേറെ കാറുകളാണ് ഇതിനകം മോഷ്ടിച്ചത്. ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കാൻ ഇയാൾ ഡ്രൈവർമാരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. 27 വർഷത്തിനിടയ്ക്കാണ്  അനിൽ ചൗഹാൻ ഇത്രയധികം വാഹനങ്ങൾ കവർന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

മോഷ്ടിച്ച കാറുകൾ വിറ്റുകിട്ടുന്ന പണം കൊണ്ട് ആഡംബരജീവിതം നയിച്ചിരുന്ന അനിൽ ചൗഹാന് മുംബൈ, ഡൽഹി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമായി ധാരാളം വസ്തുവകകൾ സ്വന്തമാക്കുകയും ചെയ്തു. മൂന്നു ഭാര്യമാരും ഇവരിലായി ഇയാൾക്ക് 7 മക്കളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. 

 

കാർ മോഷണത്തിനു പുറമേ ആയുധക്കടത്തും ഇപ്പോൾ അനിലിനുണ്ടെന്ന് പൊലീസ് അറിയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിരോധിത സംഘടനകൾക്കായിരുന്നു ഇയാൾ ആയുധങ്ങളെത്തിച്ചു നൽകിയിരുന്നത്. ഡൽഹിയിലെ ഖാന‍്പൂറിൽ 1995ലാണ് അനിൽ ചൗഹാൻ ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ഇതിനു ശേഷം മോഷണത്തിലേക്ക് കടന്നു.

 

മാരുതി 800 ആയിരുന്നു ആദ്യകാലം ഇയാളുടെ ഇഷ്ടവാഹനം. ഇതിനു ശേഷം മറ്റുവാഹനങ്ങളും മോഷ്ടിച്ചുതുടങ്ങി. മോഷ്ടിക്കുന്ന വാഹനങ്ങൾ അഴിച്ച് പാർട്സുകൾ നേപാൾ, ജമ്മു ആൻഡ് കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുകയാണ് ചെയ്തിരുന്നത്. ഡൽഹിയിൽ നിന്ന് അസമിലേക്ക് താമസം മാറ്റിയ അനിൽ ചൗഹാൻ ഇങ്ങനെ ലഭിക്കുന്ന പണം കൊണ്ടാണ് വിവിധ ഇടങ്ങളിൽ വസ്തുവകകൾ വാങ്ങിയത്. 180 കേസുകളാണ് ഇയാൾക്കെതിരേ ഉള്ളത്. ഒരു തവണ പിടിയിലായ ഇയാൾ അഞ്ചുവർഷം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. 2020ൽ ജയിൽമോചിതനായ അനിൽ വീണ്ടും മോഷണരം​ഗത്തേക്ക് തിരിച്ചുവരികയായിരുന്നു. 

അസമിലെത്തിയ അനിൽ ഇവിടെ സർക്കാർ കോൺട്രാക്ടറാവുകയും പ്രാദേശിക രാഷ്ട്രീയനേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു. മോഷണം തുടർന്ന അനിലിനെ പൊലീസ് പിടികൂടുമ്പോൾ ഇയാളുടെ കൈയിൽ നിന്ന് 6 തോക്കുകളും പൊലീസ് കണ്ടെടുക്കുകയുണ്ടായി.