22
Sep 2022
Thu
22 Sep 2022 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുംബൈ സന്ദർശനത്തിനിടെ സുരക്ഷാവീഴ്ച. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ ചമഞ്ഞ് കറങ്ങിനടന്നയാൾ അറസ്റ്റിൽ. ഹേമന്ത് പവാർ എന്നയാളാണ് അറസ്റ്റിലായത്.

 

ഇയാൾ അമിത്ഷായുടെ അടുത്തു വരികയും നിരോധിത പ്രദേശങ്ങളിൽ സ്വതന്ത്രമായി കറങ്ങിനടക്കുകയും ചെയ്യുകയായിരുന്നു. അമിത് ഷാ തന്റെ ദ്വിദിന സന്ദർശനം ചൊവ്വാഴ്ച അവസാനിപ്പിച്ചെങ്കിലും ഇന്നാണ് സംഭവത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നത്.

 

ആഭ്യന്തര മന്ത്രാലയത്തിന്റെ ഐഡി കാർഡ് ധരിച്ച് മണിക്കൂറുകളോളം അമിത് ഷായ്ക്ക് ചുറ്റും ഇയാൾ കറങ്ങിനടന്നു. സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനായാണ് ഇയാൾ വേഷമിട്ടതെന്ന് പൊലീസ് പറഞ്ഞു.

 

അമിത് ഷാ പങ്കെടുത്ത രണ്ട് പരിപാടികളിൽ ഇയാൾ പങ്കെടുത്തിരുന്നു. കൂടാതെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും വീടിനു പുറത്തും കറങ്ങിനടന്നു.

 

സംശയം തോന്നിയ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരിലൊരാൾ മുംബൈ പൊലീസിനെ വിവരമറിയിക്കുകയും തുടർന്ന് അവർ പവാറിനെ ചോദ്യം ചെയ്യുകയും ചെയ്തു. ആഭ്യന്തര മന്ത്രിയുടെ സുരക്ഷാ സംഘത്തിന്റെ ലിസ്റ്റിൽ ഇയാളുടെ പേരില്ലെന്നും പൊലീസിന് വിവരം ലഭിച്ചു.

 

തുടർന്ന് അറസ്റ്റ് ചെയ്ത പവാറിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആന്ധ്രപ്രദേശ് എംപിയുടെ പേഴ്സണൽ സെക്രട്ടറിയാണ് ഇയാളെന്നാണ് നി​ഗമനം. ശിവസേന പിളർത്തി ബിജെപിക്കൊപ്പം ചേർന്ന് ജൂലൈ 30ന് ഏകനാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് അമിത് ഷാ മുംബൈ സന്ദർശിച്ചത്.