കോവിഡ് വ്യാപനത്തിന്റെ കെടുതികളിൽ നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ലെന്നു വ്യക്തമാക്കി ലോകാരോഗ്യസംഘടന. ഓരോ 44 സെക്കൻഡ് കൂടുമ്പോഴും ലോകത്ത് ഒരാൾ വീതം കോവിഡ് ബാധിച്ച് മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അധനോം ഗബ്രിയേസസ് പറയുന്നു.
|
കോവിഡ് ബാധയുടെ എണ്ണം കുറയുകയാണെങ്കിലും മരണം തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഫെബ്രുവരി മുതൽ കോവിഡ് മരണനിരക്കിൽ 80 ശതമാനം കുറവുണ്ടായിരുന്നു. എന്നാൽ ഇപ്പോഴും ഓരോ 44 സെക്കൻഡ് കൂടുമ്പോഴും ലോകത്ത് ഒരാൾ വീതം കോവിഡിനിരയായി മരിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ മരണങ്ങളിലേറെയും ഒഴിവാക്കാനാവുന്നതാണ്.
കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന എന്റെ വാക്കുകൾ നിങ്ങളെ ബോറടിപ്പിച്ചേക്കാം. എന്നാൽ അത് സാധ്യമാകുന്നതുവരെ താനീ വാക്കുകൾ തുടർന്നുകൊണ്ടേയിരിക്കും. വൈറസിനെ അത്രയെളുപ്പം തുരത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറസ് വ്യാപനം കുറയ്ക്കാനും ജീവനുകൾ രക്ഷിക്കാനുമായി സർക്കാരുകൾ സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് ലോകാരോഗ്യസംഘടന അടുത്തയാഴ്ച ആറ് ഹ്രസ്വ നയങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.



