21
Sep 2022
Thu
21 Sep 2022 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

​ഗണേശോത്സവം പാെലിപ്പിക്കാന്‍ ലേസര്‍ ലൈറ്റുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 65 പേര്‍ക്ക് കാഴ്ച്ച നഷ്ടമായി. മഹാരാഷ്ട്ര കോലാപ്പൂര്‍ ജില്ലയിലെ നേത്രരോഗ വിദഗ്ദ്ധരുടെ സംഘടനയാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടതെന്ന് മിറർ നൗ റിപോര്ട്ട് ചെയ്തു. 
 

കഴിഞ്ഞ 10-12 ദിവസങ്ങളിലാണ് ഇത്രയും പേർക്ക് കാഴ്ച നഷ്ടമായത്. ലേസര്‍ ലൈറ്റുകള്‍ മിന്നിച്ചത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമായെന്നും ഇത് ഹൈപ്പോഗ്ലൈസീമിയക്ക് സമാനമായ സ്ഥിതിയിലേക്ക് നയിച്ചെന്നും നേത്രരോഗ വിദഗ്ദ്ധരുടെ സംഘടനയുടെ നേതാവ് ഡോ. അഭിജിത് ടഗാരെ ചൂണ്ടിക്കാട്ടി.

 

കാഴ്ച്ച പോയവരില്‍ ഭൂരിഭാഗം പേരും യുവാക്കളാണെന്നും ടഗാരെ പറഞ്ഞു. ‘ലേസര്‍ ലൈറ്റുകള്‍ പ്രകാശിപ്പിച്ചപ്പോൾ ചില ആളുകള്‍ മണിക്കൂറുകളോളം നൃത്തം ചെയ്തു. ഇത് കണ്ണിനുള്ളില്‍, റെറ്റിനയില്‍ രക്തസ്രാവത്തിനും അതുമൂലം കാഴ്ച്ച നഷ്ടമാകുന്നതിനും കാരണമായി’- ഡോക്ടര്‍ വ്യക്തമാക്കി.

 

കണ്ണില്‍ നീര്, ക്ഷീണം, കണ്ണ് വരണ്ടിരിക്കുക, തലവേദന, കണ്ണെരിച്ചില്‍ എന്നിവയാണ് ഉണ്ടായ ലക്ഷണങ്ങള്‍. ഇത് ചികിത്സിക്കാന്‍ കഴിയും. ശസ്ത്രക്രിയ നടത്തേണ്ടി വരും. പക്ഷെ, ചികിത്സാ ചെലവ് വളരെ കൂടുതലാണെന്നും ഡോ. ട​ഗാരെ വിശദമാക്കി.

 

ഉയർന്ന തീവ്രതയുള്ള ലേസർ ലൈറ്റുകൾ മെഡിക്കൽ, വ്യാവസായിക ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നതെങ്കിലും അതിന്റെ ഉപയോ​ഗത്തിലെ ചെറിയ പിഴവ് പോലും മനുഷ്യശരീരത്തിന് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലേസർ ലൈറ്റ് നിർമാതാക്കൾ അവയുടെ ഉപയോഗത്തെക്കുറിച്ച് നിർദേശങ്ങൾ നൽകുന്നുണ്ട്.

 

ലൈറ്റുകളുടെ തീവ്രത 10 വാട്ടിൽ താഴെയായിരിക്കണം, ലൈറ്റുകൾ ഒരു സ്ഥലത്ത് ദീർഘനേരം ഫോക്കസ് ചെയ്യരുത്, അവ മനുഷ്യന്റെ കണ്ണിൽ മിന്നിമറയരുത് എന്നൊക്കെയാണ് നിർദേശങ്ങൾ. എന്നിരുന്നാലും, ഘോഷയാത്രകളിൽ ഓപ്പറേറ്റർമാർ ഈ ലേസറുകൾ പരമാവധി തീവ്രതയോടെ ഉപയോഗിക്കുന്നുണ്ടെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.