ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചു. ലാവർ കപ്പ് 2022നു ശേഷം വിരമിക്കുമെന്നാണ് റോജർ ഫെഡറർ പ്രഖ്യാപിച്ചത്. 20 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ചൂടിയ ആദ്യ പുരുഷതാരമാണ് റോജർ ഫെഡറർ. 2003ലാണ് ഫെഡറർ ആദ്യ ഗ്രാൻഡ് സ്ലാം ചൂടിയത്.
|
23 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ ചൂടിയ വനിതാതാരം സെറീന വില്യംസം വിരമിച്ചതിനു പിന്നാലെയാണ് വിഖ്യാത താരം റോജർ ഫെഡറർ കൂടി വിരമിക്കൽ തീരുമാനം അറിയിച്ചത്.
24 വർഷത്തിനിടയ്ക്ക് 1500ലേറെ മൽസരങ്ങൾ കളിച്ചതായി 41കാരനായ റോജർ ഫെഡറർ പറഞ്ഞു. താൻ സ്വപ്നംകണ്ടതിലും ഭംഗിയായി ടെന്നിസ് തന്നെ പരിഗണിച്ചതായി ഫെഡറർ ട്വിറ്ററിൽ കുറിച്ചു. വിരമിക്കുന്നതിനുള്ള സമയമാണിതെന്നു താൻ കരുതുന്നു. താൻ തുടർന്നും ടെന്നിസ് കളിച്ചേക്കാമെന്നും എന്നാൽ ഗ്രാൻഡ്സ്ലാമോ മറ്റ് ടൂർണമെന്റുകളോ കളിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാര്യ മിർകയ്ക്കും നാലു മക്കൾക്കും തനിക്കു നൽകിവരുന്ന പിന്തുണയ്ക്കു നന്ദി പറയുന്നതായും അദ്ദേഹം കുറിച്ചു. കഴിഞ്ഞുപോയ 24 വര്‍ഷങ്ങള്‍ 24 മണിക്കൂറു പോലെയാണ് തനിക്കു തോന്നുന്നതെന്നും അദ്ദേഹം പറയുന്നു.



