22
Sep 2022
Thu
22 Sep 2022 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ജഡ്ജിമാർ പുരോഹിതന്മാരുടെ ഭാഷയിൽ സംസാരിക്കുകയും ഭരണകൂടത്തിന്റെ മുന്നിൽ മുട്ടിലിഴയുന്ന അവസ്ഥയുമാണ് വർത്തമാനകാല ഭാരതത്തിലേതെന്ന് പ്രമുഖ പ്രഭാഷകൻ ഡോ. രാജാ ഹരിപ്രസാദ്. കല സംഘടിപ്പിച്ച മുൻ മേയർ പി.സി. കുട്ടികൃഷ്ണൻ നായർ അനുസ്മരണ സമ്മേളനത്തിൽ നിശബ്ദമാക്കപ്പെടുന്ന ജനാധിപത്യം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 

ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് വന്ന ഇന്ദു മൽഹോത്ര എന്ന സുപ്രിംകോടതി മുൻ ജഡ്ജി പറഞ്ഞ കാര്യങ്ങൾ തെളിയിക്കുന്നത് ഇതാണ്. ജുഡീഷ്യറിയടക്കം ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും ഫാഷിസ്റ്റുകൾ കൈയടക്കിയ അവസ്ഥയാണിന്ന്. കൃത്യമായി ഒരു നാസി, ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ രീതിയിലേക്ക് ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. നിയമ നിർമാണം ജുഡീഷ്യറിയുടെ കർത്തവ്യമല്ല. പക്ഷേ ഇന്ന് ആ രീതിയിലേക്കെല്ലാം ജുഡീഷ്യറി മാറുന്നുവെന്നതാണ് ഗ്യാൻ വ്യാപി മസ്ജിദ് മായി ബന്ധപ്പെട്ട വിധിയിലൂടെയെല്ലാം തെളിയുന്നത്. 

 

തീവ്രമായ അപര വിദ്വേഷം ആളിക്കത്തിച്ച് പരസ്പരം ആളുകളെ അകറ്റുകയെന്ന സയണിസ്‌റ്റ്‌ രീതിയാണ് ഇന്ന് ഭരണകൂടം തിരഞ്ഞെടുത്തിരിക്കുന്നത്. പട്ടാള ഭരണമില്ലെന്ന് നാം പറയുമ്പോഴും അദൃശ്യമായ സവർണ ഹിന്ദു ഫാഷിസ്റ്റ് ഭരണമെന്നത് ഒരു യാഥാർഥ്യമാണ്. ഒരു വശത്ത് ഉന്മാദ ദേശീയതയുടെ ആളിക്കത്തിക്കൽ നടത്തുകയും മറുവശത്ത് മരവിപ്പ് ബാധിച്ച മനുഷ്യരാക്കി നമ്മെമാറ്റുകയെന്ന അജണ്ട സമർത്ഥമായി ഭരണകൂടം നടപ്പിലാക്കുകയാണെന്നതാണ് നാം തിരിച്ചറിയേണ്ടത്. ഭരണകൂടത്തിന്റെ അജണ്ടകളെ സമർഥമായി

 

നമ്മുടെ അജണ്ടകളാക്കി മാറ്റുകയാണവർ ചെയ്യുന്നത്. വരും കാലത്ത് മതേതരത്വം, ജനാധിപത്യം എന്നീ വാക്കുകൾ കൂടി നിരോധിക്കുകയും സ്വപ്നങ്ങൾക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തി അതിനെ ജനങ്ങളിൽ നിന്നകറ്റുവാൻ പോകുകയോ ചെയ്യുകയായിരിക്കും കേന്ദ്രഗവൺമെന്റ് ചെയ്യുവാൻ പോകുന്നതെന്നും ഹരിപ്രസാദ് പറഞ്ഞു.
ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എ അധ്യക്ഷത വഹിച്ചു. ടി.പി. ദാസൻ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. കെ.പി. ആശോക് കുമാർ, പി.വി.ഗംഗാധരൻ, കെ.പി.രമേശ് എന്നിവർ സംസാരിച്ചു.