|
സ്പായിൽ റിസപ്ഷനിസ്റ്റായി ജോലിക്കു വന്ന 14കാരിയെ നിരവധി പേരെ കൊണ്ട് ബലാത്സംഗം ചെയ്യിച്ചും വേശ്യാവൃത്തിക്ക് നിർബന്ധിച്ചും ഉമടയായ സ്ത്രീയും സഹായികളും. ഹരിയാന ഗുരുഗ്രാമിലെ ഒരു സ്പായിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ സ്പാ നടത്തിപ്പുകാരിക്കും സഹായികൾക്കുമെതിരെ പൊലീസ് കേസെടുത്തു.
നഗരത്തിലെ ഒരു സ്ത്രീയാണ് തന്റെ ബന്ധുവായ സ്ത്രീയുടെ സ്പായിൽ 14കാരിക്ക് ജോലി തരപ്പെടുത്തിക്കൊടുത്തത്. ജോലിയുടെ ആദ്യ ദിവസം തന്നെ സ്പാ നടത്തിപ്പുകാരി പെൺകുട്ടിയെ നിർബന്ധിച്ച് അകത്തുള്ള ഒരു മുറിയിലേക്ക് പറഞ്ഞയച്ചു. അവിടെ ഇരുന്നയാൾ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
“ഞാൻ ജോലി ഉപേക്ഷിക്കുമെന്ന് പറഞ്ഞപ്പോൾ, സ്പാ ഓപ്പറേറ്ററും അവരുടെ സഹായികളും സംഭവത്തിന്റെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. എല്ലാ ദിവസവും നീയിവിടെ വരണമെന്നും അവർ പറഞ്ഞു. തുടർന്നുള്ള നാലഞ്ചു ദിവസങ്ങളിൽ സ്പായിൽ വച്ച് നിരവധി പുരുഷന്മാർ എന്നെ ലൈംഗികമായി പീഡിപ്പിച്ചു“.
“തുടർന്ന് ഞാൻ സ്പായിൽ പോകുന്നത് നിർത്തി. പക്ഷേ പ്രതികൾ എന്റെ വീഡിയോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും എന്നെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും അവിടെ വച്ച് മർദിക്കുകയും ചെയ്തു“- പരാതിയിൽ വ്യക്തമാക്കി. തനിക്കും മാതാപിതാക്കൾക്കും ജീവനിൽ ഭയമുണ്ടെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. യുവതികളെ പ്രലോഭിപ്പിച്ച് വേശ്യാവൃത്തിക്ക് നിർബന്ധിക്കുന്ന സംഘത്തിന്റെ ഭാഗമാണ് പ്രതികളെന്നും പെൺകുട്ടി പറയുന്നു.
കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണങ്ങളും പരാതിയുടെ ഉള്ളടക്കവും പരിശോധിച്ചുവരികയാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും-ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികൾക്കെതിരെ ഐപിസി 376-ഡി (കൂട്ടബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 323 (മുറിവേൽപ്പിക്കുക), 34 എന്നിവയും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തതെന്നും പൊലീസ് അറിയിച്ചു.



