|
കാസര്‍ഗോഡ്: തെരുവുനായ ആക്രമണത്തില്‍ നിന്നും മദ്രസാ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി അവർക്കു മുന്നിൽ എയർഗണ്ണുമായി നടന്ന കാസർകോട്ടെ യുവാവിനെതിരെ കേസ്. കാസർകോട് ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.
സമൂഹത്തില്‍ ലഹള ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോ ചിത്രികരിക്കുകയും പ്രചരിപ്പിച്ചുവെന്നുമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മകളടക്കമുള്ള മദ്രസാ വിദ്യാർഥികൾക്ക് സുരക്ഷയൊരുക്കി എയർഗണ്ണുമായി പ്രതീകാത്മക അകമ്പടി യാത്ര നടത്തിയ സമീറിന്റെ വീഡിയോ ഇന്നലെയാണ് പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിദ്യാര്‍ഥികളെ തെരുവു നായകള്‍ ആക്രമിക്കുന്നത് മൂലമാണ് ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്‍ എടുത്തതെന്ന് സമീര്‍ പറഞ്ഞിരുന്നു. മകള്‍ പരാതി പറഞ്ഞതോടെയാണ് 13 കുട്ടികള്‍ക്കൊപ്പം തോക്കുമായി സമീര്‍ നടന്നുനീങ്ങിയത്.
മദ്രസയിലേക്ക് പോയ ഒരു കുട്ടിയെ കഴിഞ്ഞ ദിവസം തെരുവുനായ കടിച്ചിരുന്നു. തുടര്‍ന്നാണ് സമീര്‍ എയര്‍ഗണ്ണുമായി വിദ്യാര്‍ഥികള്‍ക്കൊപ്പം നടന്നത്. സമീര്‍ തോക്കുമായി മുന്നിലും മദ്രസാ വിദ്യാര്‍ഥികള്‍ പിന്നിലുമാണ് നടന്നത്. മദ്രസയിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ തെരുവ് നായ്ക്കള്‍ വന്നാല്‍ വെടിവയ്ക്കുമെന്നും സമീർ പറഞ്ഞിരുന്നു.
അതേസമയം, സംഭവത്തിൽ പ്രതികരിച്ച് സി എച്ച് കുഞ്ഞമ്പു എംഎൽഎ രംഗത്തെത്തി. കുട്ടികളെ തെരുവുപട്ടികൾ ആക്രമിക്കാതിരിക്കാൻ അദ്ദേഹം ഗണ്ണുമായി പോയതായിരിക്കുമെന്നും എന്നാൽ തോക്കെടുത്താൽ പൊലീസിന് കേസെടുക്കേണ്ടി വരുമെന്നുമാണ് എംഎൽഎ പറഞ്ഞത്. നിയമം കൈയിലെടുത്തതായി സംഭവത്തെ വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും എന്നാൽ പൊലീസിന് നടപടി സ്വീകരിക്കേണ്ടി വരുമെന്നും എംഎൽഎ വ്യക്തമാക്കി.



