21
Sep 2022
Sat
21 Sep 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്‍ക്കത്ത: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരത്തില്‍ മലയാളി താരം എസ്. ശ്രീശാന്തിനെ പൊരിച്ച് വിന്‍ഡീസ് മുന്‍താരം ദിനേഷ് രാംദിന്‍. ഒരു ഓവറില്‍ അഞ്ചുഫോറുകളാണ് രാംദിന്‍ മുന്‍ ഇന്ത്യന്‍ പേസര്‍ ശ്രീശാന്തിന്റെ ഓവറില്‍ അടിച്ചെടുത്തത്.

ഇന്ത്യ മഹാരാജാസും വേള്‍ഡ് ജയന്റ്‌സും തമ്മിലുള്ള മത്സരത്തില്‍ ഇന്ത്യ മഹാരാജാസ് താരമായ ശ്രീശാന്ത് 22 റണ്‍സാണ് ഒഒരു ഓവറില്‍ വഴങ്ങിയത്. ശ്രീശാന്ത് എറിഞ്ഞ 19ാം ഓവറിലായിരുന്നു അഞ്ച് ഫോറുകള്‍ വിട്ടുകൊടുത്തത്.

ശ്രീശാന്തിന്റെ ആദ്യ പന്തില്‍ ശ്രീലങ്കന്‍ മുന്‍ താരം രമേഷ് കലുവിതരന ഒരു റണ്‍ എടുത്തു. ദിനേഷ് രാംദിനാണ് ശേഷിക്കുന്ന പന്തുകള്‍ നേരിട്ടത്. രാംദിന്‍ അഞ്ചു പന്തുകളിലും ഓരോ ഫോര്‍ വീതം നേടി. അതിനിടെ ശ്രീശാന്തിന്റെ ഒരു പന്ത് വൈഡായതോടെ ഒരു റണ്‍ കൂടി വഴങ്ങേണ്ടിവന്നു. മൂന്ന് ഓവറുകള്‍ എറിഞ്ഞ ശ്രീശാന്ത് 46 റണ്‍സാണ് വഴങ്ങിയത്. മുപ്പതിനു മുകളില്‍ റണ്‍സ് വിട്ടുകൊടുത്ത ടീമിലെ ഏക ബോളറും ശ്രീശാന്താണ്.

മത്സരത്തില്‍ ടോസ് നേടിയ വേള്‍ഡ് ജയന്റ്‌സ് ബാറ്റിങ് തിരഞ്ഞെടുത്തു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് അവര്‍ നേടിയത്. വേള്‍ഡ് ജയന്റ്‌സിന്റെ അയര്‍ലന്‍ഡ് താരം കെവിന്‍ ഒബ്രിയാന്‍ 31 പന്തില്‍ 52 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മഹാരാജാസ് വിജയലക്ഷ്യത്തിലെത്തി. മഹാരാജാസിനായി തന്‍മയ് ശ്രീവാസ്തവ (39 പന്തില്‍ 54), യൂസഫ് പത്താന്‍ (35 പന്തില്‍ 50) എന്നിവര്‍ അര്‍ധസെഞ്ചറി നേടി. ഒന്‍പതു പന്തില്‍ മൂന്നു സിക്‌സുകള്‍ പറത്തി 20 റണ്‍സെടുത്ത പത്താന്റെ സഹോദരന്‍ ഇര്‍ഫാന്‍ പത്താനും തിളങ്ങി.

Legends League: Yusuf Pathan, Pankaj Singh Star As India Maharajas Beat World Giants In Charity Match