22
Sep 2022
Sun
22 Sep 2022 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദലിത് കുട്ടികൾക്ക് മിഠായി നിഷേധിക്കുകയും അവരെ ആട്ടിയോടിക്കുകയും ചെയ്ത സവർണജാതിക്കാരനായ കടയുടമയടക്കം രണ്ട് പേർ അറസ്റ്റിൽ. തെങ്കാശിയിലെ പഞ്ചക്കുളം ​ഗ്രാമത്തിൽ കട നടത്തുന്ന മഹേശ്വരൻ, മൂർത്തി എന്ന രാമചന്ദ്രനെൻ എന്നിവരാണ് അറസ്റ്റിലായത്. കരിവാളംവന്താനല്ലൂർ (കെവി നല്ലൂർ) പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഐപിസി 153 (എ) വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത ഇരുവർക്കുമെതിരെ പട്ടികജാതി-വർ​ഗ വിഭാ​ഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമുള്ള വകുപ്പും അധികമായി ചുമത്തി.

 

കൂടാതെ, ഇരുവരേയും സംഭവം നടന്ന പഞ്ചക്കുളം ഗ്രാമത്തിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം അതിക്രമങ്ങൾ ഉണ്ടാവാതിരിക്കാനാണ് സൗത്ത് സോൺ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് അസ്ര ഗാർഗ് ഇരുവർക്കും ​ഗ്രാമത്തിൽ പ്രവേശനവിലക്കേർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ട് പേരെ അറസ്റ്റ് ചെയ്ത പൊലീസ് കട പൂട്ടി സീൽ ചെയ്യുകയും ചെയ്തു. അതേസമയം, വിലക്ക് എത്ര കാലത്തേക്കാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

 

”നിങ്ങളാരും ഇനിയിവിടെ മിഠായി വാങ്ങാന്‍ വരേണ്ട, ഇവിടുത്തെ കടകളില്‍ നിന്ന് വാങ്ങാന്‍ പാടില്ല, മിഠായി തരില്ലെന്ന് വീട്ടുകാരോട് പോയി പറഞ്ഞേക്കൂ” എന്ന് പറഞ്ഞ് മഹേശ്വരൻ കുട്ടികലെ ആട്ടിയോടിക്കുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വിമർശനം ശക്തമാവുകയും പൊലീസ് ഇടപെടുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. പ്രദേശത്തെ പ്രബലരായ യാദവ സമുദായമായ കോന്നാർ ജാതിക്കാർ പട്ടികജാതി വിഭാഗമായ പറയർ സമുദായത്തിനാണ് സാമൂഹിക ബഹിഷ്‌കരണം ഏർപ്പെടുത്തിയത്.

 

മുമ്പ് ദലിത് വിഭാ​ഗത്തെ പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിൽ നിന്ന് വിലക്കിയതുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ എത്തുകയും ഇത് അടുത്ത ദിവസം പരി​ഗണിക്കാനിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു താഴ്ന്ന ജാതിക്കാർ ​ഗ്രാമത്തിൽ പ്രവേശിക്കുന്നതിന് സവർണ സമുദായാം​ഗങ്ങൾ വിലക്കേർപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ്, ഗ്രാമത്തിലെ വിലക്ക് ചൂണ്ടിക്കാട്ടി കടയിലെത്തിയ കൊച്ചുകുട്ടികൾക്ക് കടക്കാരൻ മിഠായി നിഷേധിക്കുകയും പോവാൻ പറയുകയും ചെയ്തത്.