|
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടെന്ന നടൻ നസ്ലിൻ ഗഫൂറന്റെ പരാതിയിൽ വഴിത്തിരിവ്. കമന്റിട്ടത് യുഎഇയിൽ നിന്നുള്ള അക്കൗണ്ട് വഴിയെന്ന് പൊലീസ് കണ്ടെത്തി.
വ്യാജനെതിരെ നസ്ലിൻ കാക്കനാട് സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ പിറന്നാൾ ദിവസം ചീറ്റകളെ തുറന്നുവിട്ടെന്ന വാർത്തയുടെ താഴെയാണ് നസ്ലെന്റേതെന്ന പേരിൽ വ്യാജ കമന്റ് വന്നത്. അതിലൊന്നിനെ തുറന്നുവിട്ടാൽ രാജ്യം നന്നാകുമെന്നായിരുന്നു കമന്റ്.
ഇതിന്റെ പേരിൽ സംഘ്പരിവാർ ഐ.ഡികളിൽ നിന്ന് സൈബർ ആക്രമണം രൂക്ഷമായതിനു പിന്നാലെ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയിരുന്നു. ഫേയ്സ്ബുക്കിൽ വ്യാജ ഐഡിയുണ്ടാക്കി മറ്റാരോ ആണ് പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് എന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ താരം പറയുന്നു. വിഷയത്തിൽ കാക്കനാട് സൈബർ സെല്ലിന് പരാതി നൽകിയതായും നസ്ലിൻ വ്യക്തമാക്കി.
പരാതി കൊടുത്തതിന് പിന്നാലെ ഐ.ഡി പൂട്ടി. വിനീത് നായർ എന്ന യു.ആർ.എൽ ആയിരുന്നു ഐ.ഡിയിൽ ഉണ്ടായിരുന്നത്. ഈ ഐഡിക്ക് ഒരു ലക്ഷത്തിനടുത്ത് ഫോളോവേഴ്സും ഉണ്ടായിരുന്നു.
സുഹൃത്തുക്കൾ സ്ക്രീൻ ഷോട്ട് അയച്ച് തന്നപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്ന് താരം പറഞ്ഞു. എന്റെ പേരിൽ ഏതോ ഒരാൾ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും ഏതോ പോസ്റ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായി മോശം കമന്റിടുകയും ചെയ്തു. അതിന്റെ പേരിൽ ചില പ്രശ്നങ്ങൾ എനിക്കുണ്ടായി. ഒരുപാട് പേർ വിശ്വസിച്ചിരിക്കുന്നത് ഇത് ഞാൻ തന്നെയാണ് ചെയ്തതെന്നാണ്. അങ്ങനെയല്ല അതിന്റെ സത്യാവസ്ഥ.
ഫേയ്സ്ബുക്കിൽ തനിക്ക് അക്കൗണ്ട് ഇല്ല. തന്റെ പേരിൽ ഒരു പേജാണ് ഫേയ്സ്ബുക്കിൽ ഉള്ളതെന്നും അത് കൈകാര്യം ചെയ്യുന്നത് മറ്റൊരാളാണെന്നും താരം പറഞ്ഞു. മറ്റാരോ ചെയ്ത കാര്യത്തിന്റെ പേരിൽ തനിക്കും കുടുംബത്തിനും നേരെ നടക്കുന്ന ആക്രമണത്തിൽ ദുഃഖമുണ്ടെന്നും താരം വ്യക്തമാക്കി.
എന്റെ ഐഡന്റിറ്റി ഉപയോഗിച്ച് എവിടെ നിന്നോ ആരോ ഒരാൾ എന്തോ പറയുന്നതിന് പഴി കേൾക്കേണ്ടി വരുന്നത് വേദനയുള്ള കാര്യമാണ്. ‘നിന്റെ സിനിമ ഇനി കാണില്ല’, ‘നിന്റെ സിനിമ കാണുന്നത് നിർത്തി എന്നൊക്കെയുള്ള മെസേജ് കണ്ടു. ഇതാര് ചെയ്തതായാലും തന്റെ ഭാഗത്തുകൂടി നിന്ന് ഒന്ന് ചിന്തിച്ചുനോക്കണം.- താരം പറഞ്ഞു.
Actor Naslen Gafoor fake facebook ID and comment against Prime Minister Followup



