|
വായ്പ തിരിച്ചടവിന് സാവകാശം ചോദിച്ചിട്ടും സമ്മതിക്കാതെ ബാങ്ക് അധികൃതർ വീടിനു മുന്നിൽ ജപ്തി നോട്ടിസ് പതിച്ചതിനെ തുടർന്ന് വിദ്യാർഥിനി തൂങ്ങി മരിച്ചു. കൊല്ലം ശൂരനാടാണ് സംഭവം.
ശൂരനാട് സൗത്ത് അജി ഭവനത്തിൽ അജികുമാറിന്റെ മകൾ അഭിരാമിയാണ് (18) ജീവനൊടുക്കിയത്. ശ്രീ അയ്യപ്പ കോളജ് ഇരമല്ലിക്കര രണ്ടാം വർഷ വിദ്യാർഥിനിയാണ് അഭിരാമി. കേരള ബാങ്ക് അധികൃതരാണ് അഭിരാമിയുടെ വീടിനു മുന്നിൽ ജപ്തി ബോർഡ് സ്ഥാപിച്ചത്.
നാലുവർഷം മുമ്പാണ് അജികുമാർ കേരളബാങ്കിൽ നിന്ന് വായ്പയെടുത്തത്. കോവിഡ് വരുന്നതിന് മുൻപുവരെയും കുടുംബം കൃത്യമായി വായ്പ തിരിച്ചടച്ചിരുന്നുവെന്നു വാർഡ് മെംബർ ഷീജ പറയുന്നു. അജികുമാറിന്റെ ഭാര്യയ്ക്ക് രോഗം വന്നതോടെയാണ് ഇവർ ബുദ്ധിമുട്ടിലായത്. കഴിഞ്ഞ മാർച്ച് മാസത്തിൽ ഒന്നര ലക്ഷം രൂപ ഇവർ ബാങ്കിൽ അടച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ പണം അടക്കാമെന്ന് പറഞ്ഞിട്ടും അത് കേൾക്കാതെ ബാങ്ക് അധികൃതർ വീടിനു മുമ്പിൽ ജപ്തി നോട്ടിസ് പതിക്കുകയായിരുന്നു. പഠനത്തിൽ മിടുക്കിയായ അഭിരാമി പത്താംക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് പാസായതെന്നും ഷീജ പറഞ്ഞു.



